
2026-ലെ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക പ്രകാരം യുഎഇയിലെ അതിസമ്പന്നരായ പ്രവാസികളിൽ ഒന്നാമനായി ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോ തിരഞ്ഞെടുക്കപ്പെട്ടു. 110 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. യുഎഇയുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ഈ പട്ടികയിൽ ഇന്ത്യക്കാരാണ് എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത്. പട്ടികയിലുള്ള ഒമ്പത് ഇന്ത്യക്കാരുടെ ആകെ ആസ്തി 49.9 ബില്യൺ ഡോളറാണ്.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയാണ് 20.8 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിൽ രണ്ടാമത്. റഷ്യൻ സ്വദേശി ആൻഡ്രി മെൽനിചെങ്കോ മൂന്നാം സ്ഥാനത്തുമുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം പട്ടികയിൽ ആറാം സ്ഥാനത്താണ്. രേണുക ജഗതിയാനി, രവി പിള്ള, സണ്ണി വർക്കി, പി.എൻ.സി. മേനോൻ, ഷംഷീർ വയലിൽ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് പ്രമുഖ ഇന്ത്യക്കാർ.
ടെലഗ്രാം സ്ഥാപകൻ പവെൽ ദുറോവ്, ഫിൻടെക് മേഖലയിലെ പ്രമുഖൻ നിക് സ്റ്റോറോൻസ്കി എന്നിവർ പട്ടികയിലെ പ്രായം കുറഞ്ഞ അതിസമ്പന്നരായി മാറിയപ്പോൾ, 81 വയസ്സുകാരനായ ധ്രുവ് സാഹ്നിയാണ് പട്ടികയിലെ ഏറ്റവും മുതിർന്ന വ്യക്തി. റീട്ടെയ്ൽ, നിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t