
ദുബായിൽ സ്മാർട്ട് പാർക്കിങ് നിരീക്ഷണം ശക്തമായതോടെ പാർക്കിങ് പിഴകളിൽ വൻ വർധന രേഖപ്പെടുത്തി. പൊതു പാർക്കിങ് സേവനദാതാക്കളായ ‘പാർക്കിൻ’ പരിശോധനകൾ കടുപ്പിച്ചതോടെയാണ് നിയമലംഘനങ്ങൾ കൂടുതൽ കണ്ടെത്താൻ തുടങ്ങിയത്. കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം ലക്ഷക്കണക്കിന് പാർക്കിങ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് പിഴകളിൽ വലിയ വർധന ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. എ.ഐ അധിഷ്ഠിത സ്മാർട്ട് സ്കാനിങ് വാഹനങ്ങളും നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധനകൾ വ്യാപിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ മേഖലകളിൽ റോന്ത് ചുറ്റുന്ന ഈ സ്മാർട്ട് വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
പൊതു പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളാണ് കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത്. പാർക്കിങ് ഫീസ് അടക്കാതിരിക്കുക, തെറ്റായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക, പ്രത്യേക വിഭാഗങ്ങൾക്കായി മാറ്റിവെച്ച പാർക്കിങ് ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന ലംഘനങ്ങൾ. പരിശോധന ശക്തമാക്കിയതും പാർക്കിങ് നിരക്കുകളിൽ വന്ന മാറ്റങ്ങളും കമ്പനിയുടെ വരുമാനത്തിലും പ്രതിഫലിച്ചു. പാർക്കിങ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനൊപ്പം സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് കമ്പനി നീക്കം നടത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t