
സ്വപ്നങ്ങളുടെ നഗരമായ ദുബായ് ഒരിക്കൽ കൂടി ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുകയാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിനായി മനസ്സുരുകി പ്രാർഥിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സബീറിനെ തേടിയെത്തിയത് സങ്കൽപ്പങ്ങൾക്കും അപ്പുറമുള്ള സമ്മാനമാണ്. തന്റെ ചെറിയ ആഗ്രഹത്തിന് പകരം വിധി അവനായി കരുതിവെച്ചത് തിളങ്ങുന്ന ഒരു പുത്തൻ കാറായിരുന്നു.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തൊഴിലാളികൾക്കായി ഒരുക്കിയ പെരുന്നാൾ ആഘോഷവേദിയിലാണ് ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. കേവലം 18 മാസം മുൻപ് വലിയ പ്രതീക്ഷകളുമായി പ്രവാസലോകത്തെത്തിയ സബീർ, ‘ബ്ലൂ കണക്ട്’ എന്ന ആപ്പിലൂടെ സംഘടിപ്പിച്ച നറുക്കെടുപ്പിലാണ് മെഗാ സമ്മാനത്തിന് ഉടമയായത്. നറുക്കെടുപ്പ് തുടങ്ങിയപ്പോൾ ഒരു സ്മാർട്ഫോണെങ്കിലും ലഭിക്കണേ എന്നായിരുന്നു അവന്റെ ഒരേയൊരു പ്രാർഥന. എന്നാൽ വിജയിയായി സ്വന്തം പേര് കേട്ടപ്പോൾ സബീറിന് ആദ്യം അത് വിശ്വസിക്കാനായില്ല. പിന്നീട് നടന്ന ചടങ്ങിൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ സന്തോഷം കൊണ്ട് ആ യുവാവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
‘കുടുംബ വർഷം 2026’ എന്ന ആശയവുമായി ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പതിനായിരത്തിലധികം പേരും നേരിട്ട് മുപ്പത്തിരണ്ടോളം തൊഴിലാളി കേന്ദ്രങ്ങളിലായി നാൽപ്പതിനായിരത്തിലധികം പേരും പങ്കെടുത്തു. ഹോളിവുഡ് താരങ്ങളും വിദേശ കലാകാരന്മാരും ഓൺലൈനായി അണിനിരന്ന ഈ ആഘോഷത്തിൽ കാറുകൾക്ക് പുറമെ 157 സ്മാർട്ഫോണുകൾ, സ്വർണ ബാറുകൾ, യാത്രാ ടിക്കറ്റുകൾ തുടങ്ങി മുന്നൂറിലധികം സമ്മാനങ്ങളാണ് വിതരണം ചെയ്തത്. അധ്വാനിക്കുന്നവന്റെ വിയർപ്പിന് ദുബായ് നൽകുന്ന ആദരമായി മാറിയ ഈ ചടങ്ങ്, സബീറിനെപ്പോലെയുള്ള സാധാരണക്കാരുടെ ജീവിതത്തിൽ പുതിയൊരു പ്രത്യാശയുടെ തുടക്കമാവുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt