“ഐ ലവ് യു ദുബായ്” പാസ്‌പോർട്ടിനൊപ്പം നീട്ടിയത് ഒരു ‘സ്നേഹസമ്മാനം’; യുഎഇയെ ഈറനണിയിച്ച് കുഞ്ഞുയാത്രക്കാരിയുടെ വരികൾ

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒരുപോലെ വികാരാധീനരാക്കി ഒരു കൊച്ചു പെൺകുട്ടിയുടെ സ്നേഹസന്ദേശം. പാസ്‌പോർട്ട് പരിശോധനയ്ക്കായി ഉദ്യോഗസ്ഥന്റെ കയ്യിലേക്ക് നീട്ടിയ ഒരു മഞ്ഞക്കടലാസിലെ വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തങ്ങളെ സുരക്ഷിതമായി കാത്തുസൂക്ഷിച്ച നഗരത്തിന് മടക്കയാത്രയിൽ ആ കൊച്ചുയാത്രക്കാരി നൽകിയ സമ്മാനം കേവലം ഒരു കുറിപ്പായിരുന്നില്ല, മറിച്ച് സ്നേഹം തുളുമ്പുന്ന ഒരു കത്തായിരുന്നു. ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) ഉദ്യോഗസ്ഥന്റെ കൈകളിലേക്കാണ് ഈ കുറിപ്പ് എത്തിയത്.

“പകലും രാത്രിയും ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി ദുബായ്… ഞങ്ങൾ വേഗം തിരിച്ചുവരും. അതുവരെ കരുത്തോടെയിരിക്കുക, സുരക്ഷിതമായിരിക്കുക. ഐ ലവ് യു ദുബായ്,” എന്നായിരുന്നു ഹൃദയം തൊടുന്ന ആ വരികൾ. കൂടെ കുഞ്ഞുവരകളാൽ തീർത്ത കൊച്ചു ഹൃദയങ്ങളും ആ മഞ്ഞക്കടലാസിനെ മനോഹരമാക്കി.

റമദാൻ പുണ്യമാസത്തിന്റെ സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ ഈ കുറിപ്പ് ഉദ്യോഗസ്ഥരുടെ മനസ്സ് നിറച്ചു. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന വിമാനത്താവളത്തിൽ തങ്ങളുടെ സേവനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് അധികൃതർ ഇതിനെ കാണുന്നത്. സുരക്ഷയുടെയും കരുതലിൽറെയും തണലിൽ ദുബായിൽ ചെലവഴിച്ച ദിനങ്ങൾ ആ കുഞ്ഞു മനസ്സിനെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് ഈ വരികളെന്ന് ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ കുറിച്ചു. യാത്രകൾ അവസാനിച്ചാലും ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy