“എളുപ്പത്തിൽ പണം സമ്പാദിക്കാം” വാഗ്ദാനം; വ്യാജ ജോലികളിലൂടെ തട്ടിപ്പ്, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന ആകർഷക വാഗ്ദാനങ്ങളിലൂടെ ആളുകളെ വലയിലാക്കുന്ന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ആദ്യഘട്ടത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പരസ്യം നൽകുന്ന തട്ടിപ്പുകാർ, ജോലി നൽകുന്നതിനായി രജിസ്ട്രേഷൻ ഫീസോ അക്കൗണ്ട് ആക്ടിവേഷൻ ചാർജോ എന്ന പേരിൽ പണം ആവശ്യപ്പെടുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടൊപ്പം വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നതും സാധാരണമാണ്.

ഇത്തരത്തിൽ പണം നൽകുന്നതും സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെ സംശയകരമായോ നിയമവിരുദ്ധമായോ ഇടപാടുകൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇതുവഴി അക്കൗണ്ട് ഉടമകൾക്ക് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരാമെന്നും പൊലീസ് വ്യക്തമാക്കി. നിയമാനുസൃതമായി ജോലി നൽകുന്ന സ്ഥാപനങ്ങൾ നിയമനത്തിന്റെ പേരിൽ അപേക്ഷകരിൽ നിന്ന് പണം ഈടാക്കാറില്ലെന്നും ദുബായ് പൊലീസിന്റെ “Beware of Fraud” ബോധവത്കരണ ക്യാംപെയിന്റെ ഭാഗമായി അധികൃതർ ഓർമ്മിപ്പിച്ചു. അജ്ഞാതരായ ആളുകളുമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ പങ്കുവെക്കരുതെന്നും ജോലി വാഗ്ദാനങ്ങളുടെ പേരിൽ പണം കൈമാറുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ eCrime പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിൽ പൊതുജനങ്ങളുടെ ജാഗ്രതയും ബോധവത്കരണവുമാണ് ഏറ്റവും നിർണായകമെന്ന് ദുബായ് പൊലീസ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy