
വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ആറായിരത്തോളം യുഎഇ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിച്ച് യുഎഇ ഭരണകൂടം. വിദേശകാര്യ മന്ത്രാലയവും നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) സംയുക്തമായി നടത്തിയ പ്രത്യേക ഒഴിപ്പിക്കൽ ദൗത്യത്തിലൂടെയാണ് ഇവർ തിരിച്ചെത്തിയത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെയാണ് പലരും വിദേശത്ത് കുടുങ്ങിയത്. കര, വ്യോമ മാർഗങ്ങളിലൂടെ അതീവ ജാഗ്രതയോടെയാണ് ഇവരെ ഓരോരുത്തരെയും എൻട്രി പോയിന്റുകളിൽ എത്തിച്ചത്.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കുന്നതായിരുന്നു യുഎഇയുടെ ഈ നീക്കം. വിവിധ രാജ്യങ്ങളിലെ യുഎഇ എംബസികൾ ആ നാട്ടിലെ അധികൃതരുമായി നടത്തിയ കൃത്യമായ ഏകോപനം ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചു. പൗരന്മാർക്ക് പുറമെ വിദേശത്ത് കുടുങ്ങിയ യുഎഇയിലെ താമസക്കാരായ പ്രവാസികൾക്കും പ്രത്യേക വിമാനങ്ങളിൽ മടങ്ങാൻ അവസരം നൽകിയത് രാജ്യത്തിന്റെ മാനുഷികമായ വലിയൊരു നിലപാടായി മാറി.
അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി വിദേശത്തുള്ള പൗരന്മാർ ‘ത്‌വജുദി’ (Twajudi) സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും സഹായത്തിനായി +971 80024 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ദേശീയ ഏജൻസികൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt