യുഎഇയിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം; യാത്രക്കാർക്ക് സൗജന്യ റീബുക്കിംഗും റീഫണ്ടും

പശ്ചിമേഷ്യൻ മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടർന്ന് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തി. നിരവധി വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് ടിക്കറ്റ് നില പരിശോധിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റുകളിലെ വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ അറിയിച്ചു.
എമിറേറ്റ്‌സ്, ഇതിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികൾ പുതിയ യാത്രാ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

എമിറേറ്റ്‌സ്

ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഏപ്രിൽ 30 വരെ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനുള്ള സൗകര്യം നൽകുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ആവശ്യപ്പെട്ടാൽ പണം തിരികെ ലഭ്യമാക്കാനും കഴിയും. ദുബായിലെ സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് emirates.com വഴി വിവരങ്ങൾ പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.

ഇതിഹാദ് എയർവേയ്‌സ്

മാർച്ച് 16 വരെ പരിമിതമായ സർവീസുകൾ മാത്രമേ നടത്തുകയുള്ളുവെന്ന് ഇതിഹാദ് അറിയിച്ചു. നേരിട്ട് അറിയിപ്പ് ലഭിക്കാത്ത യാത്രക്കാർ അബുദാബി വിമാനത്താവളത്തിലേക്ക് പോകാതിരിക്കണമെന്നും നിർദ്ദേശം നൽകി. ഫെബ്രുവരി 28-ന് മുമ്പ് ടിക്കറ്റ് എടുത്തവർക്ക് മേയ് 15 വരെ പുതിയ തീയതികളിലേക്ക് റീബുക്ക് ചെയ്യാം. സോഷ്യൽ മീഡിയ വഴി വ്യാജ റീഫണ്ട് ഫോമുകൾ ഉപയോഗിച്ച് തട്ടിപ്പ് ശ്രമങ്ങൾ നടക്കുന്നുവെന്നതിനാൽ പാസ്‌വേഡുകളും ബാങ്ക് വിവരങ്ങളും പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ഫ്ലൈ ദുബായ്

മാർച്ച് 31 വരെ യാത്ര നിശ്ചയിച്ചവർക്ക് അധിക ചാർജില്ലാതെ 30 ദിവസത്തിനുള്ളിലെ മറ്റൊരു സർവീസിലേക്ക് ടിക്കറ്റ് മാറ്റാം. ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരാനിടയുണ്ടെന്നും കമ്പനി അറിയിച്ചു.

എയർ അറേബ്യ

ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പരിമിതമായ സർവീസുകൾ പുനരാരംഭിച്ചതായി എയർ അറേബ്യ അറിയിച്ചു. യാത്രക്കാർക്ക് 30 ദിവസത്തിനുള്ളിൽ ഒരിക്കൽ സൗജന്യമായി തീയതി മാറ്റാനോ ക്രെഡിറ്റ് വൗച്ചർ സ്വീകരിക്കാനോ റീഫണ്ട് തിരഞ്ഞെടുക്കാനോ സാധിക്കും.

യാത്രക്കാർക്ക് നിർദേശം

സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാത്തവർ വിമാനത്താവളങ്ങളിലേക്ക് എത്താതിരിക്കണമെന്ന് വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും അറിയിപ്പുകളിലൂടെയും മാത്രം വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്നും വിമാനക്കമ്പനികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy