
അബുദാബി: യുഎഇയിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ മാർച്ച് 10 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
വെള്ളി, ശനി ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ശനിയാഴ്ചയോടെ താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഞായറാഴ്ച പുലർച്ചെയോടെ ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടും. ഞായറാഴ്ച മുതൽ പടിഞ്ഞാറൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആകാശം മേഘാവൃതമായി തുടരുകയും ചൊവ്വാഴ്ചയോടെ വടക്കൻ മേഖലകളിൽ മഴ ലഭിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ വടക്കൻ പ്രദേശങ്ങളിൽ താപനില കുറയാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ശ്രദ്ധിക്കണം. കൂടാതെ അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. റമസാൻ കാലയളവ് അടുത്തിരിക്കെ, കാലാവസ്ഥയിലെ ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt