കുവൈറ്റിൽ മാതാപിതാക്കളുടെ വിസിറ്റ് വിസ ഫാമിലി വിസയാക്കി മാറ്റാം; പ്രവാസികൾ അറിയേണ്ട നിബന്ധനകൾ ഇവയാണ്!

കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്ന മാതാപിതാക്കളെ ഡിപ്പൻഡന്റ് വിസയിലേക്ക് (Article 29) മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നു. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണെങ്കിലും ഇത് ചില പ്രത്യേക നിബന്ധനകൾക്ക് വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സന്ദർശക വിസയിൽ എത്തിയ ഉടനെ ഇത് നേരിട്ട് ഫാമിലി വിസയിലേക്ക് മാറില്ലെങ്കിലും മാനുഷിക പരിഗണന അർഹിക്കുന്ന കേസുകളിൽ റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറലിന്റെ പ്രത്യേക അനുമതിയോടെ വിസ മാറ്റം സാധ്യമാകും.

പ്രധാനമായും സ്വകാര്യ മേഖലയിൽ (Article 18) ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്യണമെങ്കിൽ കുറഞ്ഞത് 800 കുവൈറ്റ് ദിനാർ ശമ്പളം ഉണ്ടായിരിക്കണം. ഇതിനുപുറമെ മാതാപിതാക്കളെ നാട്ടിൽ നോക്കാൻ മറ്റ് മക്കളില്ലാത്ത സാഹചര്യം അഥവാ ‘ഏക മകൻ അല്ലെങ്കിൽ മകൾ’ എന്ന നിലയിലുള്ള അപേക്ഷകൾക്ക് മുൻഗണന ലഭിക്കും. മാതാപിതാക്കൾ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അവരെ സംരക്ഷിക്കാൻ കുവൈറ്റിലുള്ള മകൻ/മകൾ അല്ലാതെ മറ്റാരുമില്ലെന്നും തെളിയിക്കുന്ന രേഖകൾ ഇതിനായി ഹാജരാക്കേണ്ടതുണ്ട്.

ഇത്തരത്തിൽ വിസ മാറ്റത്തിന് അപേക്ഷിക്കുന്നവർ 300 കുവൈറ്റ് ദിനാർ ഫീസ് ആയി അടയ്‌ക്കേണ്ടി വരും. മാതാപിതാക്കളുടെ പാസ്‌പോർട്ട് പകർപ്പുകൾ, ജനന സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന രേഖകൾ, നാട്ടിൽ മറ്റാരുമില്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഈ രേഖകൾ അതാത് രാജ്യത്തെ അധികൃതരും കുവൈറ്റ് എംബസിയും സാക്ഷ്യപ്പെടുത്തിയതായിരിക്കണം. കൂടാതെ അപേക്ഷകന്റെ സിവിൽ ഐഡി, ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ എന്നിവയും നിർബന്ധമാണ്.

താമസപരിധിയിലുള്ള റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലാണ് (ജവാസാത്ത്) അപേക്ഷ നൽകേണ്ടത്. ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിച്ച് മാത്രമാണ് അധികൃതർ അനുമതി നൽകുന്നത്. അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ വിസിറ്റ് വിസ കാലാവധി നീട്ടാൻ ശ്രമിക്കാവുന്നതാണ്. പുതിയ നിയമപരിഷ്കാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സഹേൽ ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപ്ഡേറ്റുകൾ പരിശോധിക്കാവുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy