
അപകടമാണ്, സൂക്ഷിക്കണം; വ്യാപകമായി വാട്സ്ആപ്പ് സ്ക്രീൻ മിറ്റിംഗ് ഫ്രോഡ് എന്ന അപകടകരമായ തട്ടിപ്പ്
ഇന്ത്യയിലുടനീളം ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി വൺ കാർഡ് എന്ന ധനകാര്യ സ്ഥാപനം രംഗത്തെത്തി. ആളുകൾക്ക് അറിവില്ലാത്തതിനാൽ ഇത്തരം തട്ടിപ്പുകളിൽ പലരും വീണുപോവുന്നു. വാട്സ്ആപ്പ് സ്ക്രീൻ മിററിംഗ് തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു.
എന്താണ് വാട്സ്ആപ്പ് സ്ക്രീൻ മിററിംഗ് തട്ടിപ്പ്?
ഈ തട്ടിപ്പിൽ, തട്ടിപ്പുകാർ നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ വാട്സ്ആപ്പ് വീഡിയോ കോൾ വഴി പങ്കിടാൻ നിങ്ങളെ പ്രേരിപ്പിക്കും. അതുവഴി നിങ്ങളുടെ ഫോണിലെ വ്യക്തിപരമായ വിവരങ്ങളായ ഒടിപി, ബാങ്കിംഗ് വിവരങ്ങൾ, പാസ്വേഡുകൾ, സന്ദേശങ്ങൾ എന്നിവയെല്ലാം അവർക്ക് ചോർത്താൻ സാധിക്കും. ഇത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ കാരണമാകും.
എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത്?
വിശ്വാസം നേടുന്നു: ബാങ്ക് ഉദ്യോഗസ്ഥൻ എന്ന വ്യാജേന നിങ്ങളെ ഫോണിൽ വിളിക്കുന്നു. നിങ്ങളുടെ അക്കൗണ്ടിൽ ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് നിങ്ങളെ വിശ്വസിപ്പിക്കുന്നു.
സ്ക്രീൻ ഷെയറിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യിക്കുന്നു: തുടർന്ന്, ഒരു സ്ക്രീൻ ഷെയറിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു.
വാട്സ്ആപ്പ് വീഡിയോ കോൾ ആവശ്യപ്പെടുന്നു: ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, സ്ക്രീൻ വ്യക്തമല്ലാത്തതുകൊണ്ട് വാട്സ്ആപ്പിൽ ഒരു വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ വീഡിയോ കോൾ ചെയ്യുമ്പോൾ, നേരത്തെ ഡൗൺലോഡ് ചെയ്ത ആപ്പ് വഴി നിങ്ങളുടെ ഫോൺ സ്ക്രീൻ തട്ടിപ്പുകാർക്ക് കാണാൻ കഴിയും.
വിവരങ്ങൾ ചോർത്തുന്നു: നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി, പാസ്വേഡ്, യുപിഐ പിൻ എന്നിവയെല്ലാം തട്ടിപ്പുകാർക്ക് തത്സമയം കാണാൻ സാധിക്കും. അതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം അവർക്ക് ചോർത്താനാവും.
തട്ടിപ്പിൽ നിന്ന് സ്വയം രക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:
വിവരങ്ങൾ പരിശോധിക്കുക: ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എന്ന് പറഞ്ഞ് നിങ്ങളെ വിളിക്കുന്നവരുടെ യഥാർത്ഥ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തുക.
അജ്ഞാത കോളുകൾ ഒഴിവാക്കുക: സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകാതിരിക്കുക.
അനാവശ്യ ആപ്പുകൾ ഒഴിവാക്കുക: നിങ്ങൾക്ക് പരിചയമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
തിടുക്കം കാണിക്കരുത്: തിടുക്കപ്പെട്ട് കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്ന കോളുകൾക്ക് മറുപടി നൽകാതിരിക്കുക.
സഹായം തേടുക: തട്ടിപ്പിന് ഇരയായെന്ന് തോന്നിയാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യുക. കൂടാതെ, cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകുക.
സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക: നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്ലിക്കേഷനുകളും എപ്പോഴും അപ്ഡേറ്റ് ചെയ്യുക. ഇത് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ വിവരങ്ങൾ പങ്കുവെച്ച് അവരെയും ബോധവത്കരിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)