Posted By Editor Editor Posted On

കത്തിച്ച് കുഴിച്ച് മൂടിയത് പീഡനത്തിനിരയായ 100 യുവതികളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

പത്തുവർഷത്തിനിടെ നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി കർണാടക മുൻ ശുചീകരണ തൊഴിലാളി. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്. കുറ്റബോധവും ഭയവും കൊണ്ട് ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ വിശദമാക്കുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാൾ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് ഇയാൾ.

1998 മുതൽ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികളുടെ മൃതദേഹം കുഴിച്ചിടേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. പത്തുവർഷത്തിന് ശേഷം പശ്ചാത്താപം കൊണ്ടാണ് താൻ മുന്നോട്ട് വന്നതെന്നും കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയ്ക്കൊപ്പം കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോയും പൊലീസിന് കൈമാറി.

ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാൾ വിശദമാക്കിയിരിക്കുന്നത്. ആദ്യ തവണ മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പർ വൈസർ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളിൽ ചിലത് ഡീസൽ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധർമസ്ഥല ഗ്രാമത്തിൽ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തൽ. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തിൽ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്.

പ്രതികളുടെ പേരുകൾ വെളിപ്പെടുത്തുന്നതിന് മുമ്പ് താൻ കൊല ചെയ്യപ്പെട്ടാൽ സത്യം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി അഭിഭാഷകൻ കെ .വി ധനഞ്ജയ്ക്ക് പരാതിയുടെ പകർപ്പ് സമർപ്പിച്ചതായി പരാതിക്കാരൻ പറഞ്ഞു. ധർമ്മസ്ഥല ഭരണകൂടം നൽകിയ ഐഡി കാർഡ്, ധർമ്മസ്ഥല-ബെൽത്തങ്ങാടിയിൽ രജിസ്റ്റർ ചെയ്ത വോട്ടർ ഐഡി എന്നിവയുടെ പകർപ്പും പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്.

ജൂലൈ മൂന്നിന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് ദക്ഷിണ കന്നഡ എസ്പി അരുൺ.കെ പറഞ്ഞു. പരാതിയുമായി എത്തിയ ആൾ താൻ ആരാണെന്ന് വെളിപ്പെടുത്തരുതെന്ന് അഭ്യാർത്ഥിച്ചുവെന്നും കോടതിയുടെ അനുമതി തേടിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും എസ്പി പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് പ്രൊട്ടക്ഷൻ നൽകണമെന്നും ഈ വ്യക്തി ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *