ആകാശത്ത് പറക്കുന്ന കപ്പലുകളോ? അജ്മാൻ തീരത്തെ വിസ്മയ ദൃശ്യം പകർത്തി മലയാളി; അപൂർവ ദൃശ്യം വൈറൽ

Superior mirage Ajman; കടലിന് മുകളിൽ കപ്പലുകൾ വായുവിൽ പൊങ്ങിനിൽക്കുന്നതുപോലെയുള്ള അപൂർവ കാഴ്ച പകർത്തി മലയാളി ഫോട്ടോഗ്രഫർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയും ദുബായിൽ ഫോട്ടോഗ്രഫറുമായ ജസീൽ അസീസാണ് അജ്മാൻ തീരത്തുനിന്നും ഈ വിസ്മയകരമായ ചിത്രവും വീഡിയോയും പകർത്തിയത്. ജസീൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നാല് കോടിയോളം പേരാണ് കണ്ടത്. ജോലിയുടെ ഭാഗമായി അജ്മാനിലെത്തിയ ജസീൽ സഹപ്രവർത്തകർക്കൊപ്പം ബീച്ച് സന്ദർശിച്ചപ്പോഴാണ് കൗതുകകരമായ ഈ കാഴ്ച കണ്ണിൽപ്പെട്ടത്. കപ്പലുകൾ വെള്ളത്തിൽ തൊടാതെ ആകാശത്ത് നിൽക്കുന്നതുപോലെ തോന്നിച്ചതോടെ ഉടൻ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് പ്രവഹിച്ചത്. ഇതൊരു എഐ (AI) നിർമ്മിത ദൃശ്യമാണെന്നും ‘സിമുലേഷനിലെ തകരാർ’ ആണെന്നും പലരും അഭിപ്രായപ്പെട്ടു. ഭൂമി പരന്നതാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയപ്പോൾ, കാഴ്ചയ്ക്ക് പിന്നിലെ ശാസ്ത്രീയ വശം വിശദീകരിച്ചും നിരവധി പേർ കമന്റ് ചെയ്തു.

എന്താണ് ‘സുപ്പീരിയർ മിറാഷ്’?

കപ്പലുകൾ വായുവിൽ പൊങ്ങിനിൽക്കുന്നതായി തോന്നിക്കുന്ന ഈ അപൂർവ പ്രകാശ പ്രതിഭാസത്തെ ശാസ്ത്രലോകം ‘സുപ്പീരിയർ മിറാഷ്’ (Superior Mirage) എന്നാണ് വിളിക്കുന്നത്. കടലിന് മുകളിൽ നല്ല തണുപ്പുള്ള വായുവും അതിനു മുകളിലായി ചൂടുള്ള വായുവും വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണയായി പ്രകാശം നേർരേഖയിലാണ് സഞ്ചരിക്കുക; എന്നാൽ തണുത്ത വായുവിൽ പ്രകാശകിരണങ്ങൾ താഴേക്ക് വളയുന്നു. ഇതോടെ ചക്രവാളത്തിന് താഴെയുള്ള കപ്പലുകൾ, ദ്വീപുകൾ തുടങ്ങിയ വിദൂര വസ്തുക്കളിൽ നിന്നുള്ള വെളിച്ചം വളഞ്ഞ് നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും, ആ വസ്തുക്കൾ അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങിനിൽക്കുന്നതായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും. ചൂടുള്ള ദിവസങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടെന്ന് തോന്നിക്കുന്ന സാധാരണ മരീചികയിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ഈ ഒപ്ടിക്കൽ ഇല്ല്യൂഷൻ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കാറുണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ എടുത്ത വീഡിയോയ്ക്ക് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജസീൽ പറഞ്ഞു. നേരത്തെ ദുബായ് കൾച്ചറും ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യാന്തര ഫോട്ടോഗ്രഫി അവാർഡും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്ലേം ട്രീ സീസൺ’ മത്സരത്തിൽ ജസീലിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version