പാസ്‌പോർട്ട് കാണിക്കേണ്ട, കൗണ്ടറിൽ കാത്തുനിൽക്കേണ്ട; 7 സെക്കൻഡിൽ ഇമിഗ്രേഷൻ കടന്ന് യുഎഇയിലെ ഈ വിമാനത്താവളം!

യാത്രക്കാരുടെ പുറപ്പെടൽ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘യുഎഇ സ്മാർട്ട് കോറിഡോർ’ പ്രവർത്തനം ആരംഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് പുതിയ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പരമ്പരാഗത ഇമിഗ്രേഷൻ കൗണ്ടറുകളിലോ ഗേറ്റുകളിലോ കാത്തുനിൽക്കാതെ കോറിഡോറിലൂടെ നടന്നുപോകുന്നതിനിടെ തന്നെ യാത്രക്കാരുടെ തിരിച്ചറിയൽ പരിശോധനയും പാസ്‌പോർട്ട് നിയന്ത്രണ നടപടികളും പൂർത്തിയാക്കുന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.

വിമാനക്കമ്പനിയോ യാത്ര ചെയ്യുന്ന രാജ്യവോ പരിഗണിക്കാതെ അബുദാബിയിൽനിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും സ്മാർട്ട് കോറിഡോർ ഉപയോഗിക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് പുറമെ കുടുംബങ്ങൾക്കും ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വെറും 7 സെക്കൻഡ്; ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകും

ബയോമെട്രിക് വെരിഫിക്കേഷന്റെ സഹായത്തോടെ ഏകദേശം ഏഴ് സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതാണ് സംവിധാനത്തിന്റെ പ്രധാന നേട്ടം. തിരിച്ചറിയൽ പരിശോധനയും യാത്രാ നടപടികളും ഓട്ടോമേറ്റഡ് ആയതിനാൽ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടലും പരമ്പരാഗത രേഖാ പരിശോധനയും പരമാവധി കുറയും.

ഇതിലൂടെ വിമാനത്താവളത്തിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനൊപ്പം യാത്രാ നടപടികളുടെ വേഗതയും കൃത്യതയും വർധിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി അബുദാബി എയർപോർട്ട്സും ഐസിപിയും 2025 ഒക്ടോബറിൽ ഒപ്പുവച്ച ‘സ്മാർട്ട് ട്രാവൽ’ കരാറിന്റെ തുടർച്ചയായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുമായി സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന യുഎഇയുടെ നയത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ഐസിപി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ജുമാ അബ്ദുല്ല അൽ കാബി പറഞ്ഞു.

വ്യോമയാന, വിനോദസഞ്ചാര മേഖലകൾക്ക് കൂടുതൽ ഉണർവ് നൽകുന്നതിനൊപ്പം സുരക്ഷിതവും സ്മാർട്ടുമായ ആഗോള യാത്രാ കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും സ്മാർട്ട് കോറിഡോർ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലും 2025 ഓഗസ്റ്റിൽ സമാനമായ എഐ അധിഷ്ഠിത സ്മാർട്ട് കോറിഡോർ അവതരിപ്പിച്ചിരുന്നു. യാത്രക്കാർ രേഖകൾ കാണിക്കുകയോ പാസ്‌പോർട്ട് സ്കാൻ ചെയ്യുകയോ ചെയ്യാതെ കോറിഡോറിലൂടെ കടന്നുപോകുമ്പോൾ സെൻസറുകൾ മുഖം തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതാണ് അവിടുത്തെ സംവിധാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version