ചിറകടി നിലയ്ക്കും; കുവൈത്തിലെ ഈ പ്രമുഖ പക്ഷി വിപണി അടച്ചുപൂട്ടുന്നു 

കുവൈത്തിലെ അൽ റായ് മേഖലയിലെ പ്രശസ്ത പക്ഷി വിപണി സ്ഥിരമായി അടച്ചുപൂട്ടുന്നു. ഡിസംബർ ഒന്നുമുതലാണ് വിപണിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നത്. പരിസ്ഥിതി നിയമലംഘനങ്ങളും പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസാണ് വിപണി അടച്ചുപൂട്ടാൻ തീരുമാനിച്ചത്. 2026ലെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ 970 പ്രകാരം വിപണിയിലെ ഒഴിപ്പിക്കൽ നടപടികളും കണ്ടെത്തിയ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിക്കും.

വിപണിയിലെ കടയുടമകൾ സ്ഥാപനങ്ങൾ ഒഴിഞ്ഞുനൽകുകയും സാധനങ്ങളൊന്നുമില്ലാത്ത നിലയിൽ അതോറിറ്റിയുടെ അനിമൽ ഹെൽത്ത് വിഭാഗത്തിന് കൈമാറുകയും വേണം. ഇതിനായി തീരുമാന തീയതി മുതൽ പരമാവധി രണ്ട് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള എല്ലാ ലൈസൻസുകളും റദ്ദാക്കുന്നതിനുള്ള നടപടികൾ ധനമന്ത്രാലയവുമായി ഏകോപിപ്പിച്ച് പൂർത്തിയാക്കാനും തീരുമാനത്തിൽ നിർദേശമുണ്ട്. വിപണിയിലെ ചില ഭാഗങ്ങളിൽ ആസ്ബസ്റ്റോസ് ഉൾപ്പെടെയുള്ള സുരക്ഷാ-പരിസ്ഥിതി പ്രശ്നങ്ങൾ കണ്ടെത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെയും വിപണിയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരമായ അടച്ചുപൂട്ടൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *