ഫ്ലാറ്റും കിട്ടിയില്ല, ഇഎംഐയും വേണം?” നാട്ടിൽ വീടുവാങ്ങാൻ വായ്പയെടുത്ത പ്രവാസികൾക്ക് വൻ ആശ്വാസം; ഇനി ബാങ്കിനും മറുപടി പറയേണ്ടിവരും!

നാട്ടിൽ വീടോ ഫ്ലാറ്റോ വാങ്ങാൻ ബാങ്ക് വായ്പയെടുത്ത പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന സുപ്രീംകോടതി ഉത്തരവ്. നിർമാണം പൂർത്തിയാകാത്തതിനെ തുടർന്ന് ഫ്ലാറ്റ് ലഭിക്കാതിരുന്നാലും വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബാങ്കുകളുടെ നടപടികളിൽ ഇനി കരാർ വ്യവസ്ഥകൾ കൂടി പരിശോധിക്കേണ്ടിവരും. നിർമാണ പുരോഗതിക്കനുസരിച്ച് ഘട്ടംഘട്ടമായി വായ്പത്തുക ബിൽഡർക്ക് കൈമാറണമെന്ന കരാർ നിലനിൽക്കെ ബാങ്ക് അത് പാലിച്ചിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വായ്പയെടുത്തവർ തിരിച്ചടവിൽ വീഴ്ച വരുത്തിയെന്ന് വ്യക്തമായി കണ്ടെത്താതെ ഇഎംഐ അടയ്ക്കാൻ നിർബന്ധിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഗുരുഗ്രാമിലെ കൃഷ്ണ ഹൗസിങ് പദ്ധതിയിലെ ഫ്ലാറ്റ് വാങ്ങിയവരുടെ ഹർജി പരിഗണിക്കവെയാണ് നവംബർ 19ന് സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. റഹേജ ഡെവലപ്പേഴ്സ് നടപ്പാക്കിയ പദ്ധതിയിൽ ഫ്ലാറ്റ് വാങ്ങാൻ ഉപഭോക്താക്കൾ എസ്ബിഐയിൽനിന്ന് വായ്പയെടുത്തിരുന്നു. ബാങ്ക്, ബിൽഡർ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ പ്രകാരം നിർമാണത്തിന്റെ പുരോഗതിക്കനുസരിച്ചായിരുന്നു വായ്പ അനുവദിക്കേണ്ടിയിരുന്നത്.

എന്നാൽ നിർമാണം കാര്യമായി മുന്നോട്ടുപോകാതിരുന്നിട്ടും ബാങ്ക് ബിൽഡർക്ക് പണം കൈമാറിയെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം. പദ്ധതി പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് ലഭിച്ചില്ല. ഇതിനിടെ ബിൽഡർ പാപ്പരത്ത നടപടികളിലേക്കും കടന്നു. അതേസമയം, വായ്പ തിരിച്ചുപിടിക്കാൻ എസ്ബിഐ കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് ഉപഭോക്താക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. ബാങ്കും ബിൽഡറും തമ്മിലുള്ള ഇടപാടുകളും വായ്പ അനുവദിച്ച രീതിയും പരിശോധിക്കാതെ വാങ്ങുന്നവർക്കെതിരെ നിർബന്ധിത തിരിച്ചുപിടിക്കൽ നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. സമാന സാഹചര്യത്തിലുള്ള മറ്റ് ഫ്ലാറ്റ് ഉടമകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

പ്രവാസികൾക്ക് എന്തുകൊണ്ട് പ്രധാനം?

ഗൾഫിൽ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് നാട്ടിൽ ഫ്ലാറ്റുകളും വീടുകളും വാങ്ങുന്ന നിരവധി പ്രവാസികളുണ്ട്. നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബാങ്ക് വായ്പയെടുക്കുന്നവരും കുറവല്ല. പദ്ധതി വൈകിയാൽ താമസിക്കാൻ വീട് ലഭിക്കാതെയും അതേസമയം ബാങ്കിന്റെ ഇഎംഐ അടയ്ക്കേണ്ടിയും വരുന്ന ഇരട്ട പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. ബാങ്ക് കരാർ വ്യവസ്ഥകൾ പാലിച്ചാണോ ബിൽഡർക്ക് പണം കൈമാറിയതെന്ന് പരിശോധിക്കണമെന്ന സുപ്രീംകോടതി നിലപാട് ഇത്തരം ഉപഭോക്താക്കൾക്ക് നിയമപരമായ ആശ്വാസം നൽകുന്നതാണ്.

ഇഎംഐ അടയ്ക്കുന്നത് നിർത്താമോ?

സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ എല്ലാവർക്കും വായ്പാ തിരിച്ചടവ് നിർത്താമെന്നല്ല ഇതിന്റെ അർഥം. വായ്പാ ബാധ്യത സ്വമേധയാ ഇല്ലാതാകുന്നില്ല. ബാങ്കിന്റെ നടപടികളും കരാർ വ്യവസ്ഥകളും വായ്പയെടുത്തയാളുടെ തിരിച്ചടവ് നിലയും പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ട കോടതി തീരുമാനമെടുക്കേണ്ടത്. അതിനാൽ ഇഎംഐ നിർത്തുന്നതിന് മുമ്പ് നിയമോപദേശം തേടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version