
വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കേരളത്തിലെ കൊലക്കേസ് പ്രതിയെ അബുദാബിയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി ഐ.കെ. ധനേഷ് വധക്കേസിലെ ഒന്നാം പ്രതി സുജിത് കുമാറാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ യുഎഇയിൽ പിടിയിലായത്. 2008 ഒക്ടോബർ ഒന്നിനാണ് ധനേഷ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ആയുധങ്ങളുമായി എത്തിയ സംഘം ധനേഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ധനേഷ് ചികിത്സയ്ക്കിടെ മരണപ്പെട്ടു.
കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സുജിത് കുമാർ വിദേശത്തേക്ക് കടന്നത്. തുടർന്ന് 16 വർഷത്തോളം ഇയാൾ അബുദാബിയിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി കേരള പൊലീസിന്റെ അഭ്യർഥനപ്രകാരം സിബിഐയുടെ നാഷനൽ സെൻട്രൽ ബ്യൂറോ വഴി ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.
റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സുജിത് കുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സിബിഐയുടെ ഏകോപനത്തിൽ കേരള പൊലീസ് സംഘം യുഎഇയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
നവംബർ 25ന് പ്രതിയുമായി സംഘം കൊച്ചിയിലെത്തി. തുടർന്ന് കേരള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സുജിത് കുമാറിനെ റിമാൻഡ് ചെയ്തു. കേസിൽ ആകെ 11 പ്രതികളാണുള്ളത്. നേരത്തെ കേസിലെ മൂന്നാം പ്രതി രാകേഷിനെയും ദുബായിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ധനേഷ് വധക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.