
യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിനോട് അനുബന്ധിച്ച് ദുബായ് ഒരുങ്ങുന്നത് പകിട്ടേറിയ ആഘോഷങ്ങൾക്ക്. നവംബർ 26 മുതൽ ഡിസംബർ 6 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രോൺ ഷോ, വെടിക്കെട്ട്, ലൈറ്റ് ഷോകൾ, സാംസ്കാരിക പരിപാടികൾ, സംഗീതനിശകൾ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ആകാശത്ത് 1,600 ഡ്രോണുകൾ; ദേശീയ പതാക തെളിയും
ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 1,600 ഡ്രോണുകൾ അണിനിരക്കുന്ന ആകാശ വിസ്മയം. ഡിസംബർ 2, 3 തീയതികളിൽ രാത്രി 8നും 10നും ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ദി ബീച്ച് ജെബിആറിലും ഡ്രോണുകൾ ആകാശത്ത് യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളും തീർക്കും. ബ്ലൂവാട്ടേഴ്സിൽ അയാല, ഹർബിയ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും.
ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യവിരുന്ന്
ഡിസംബർ 1, 2, 3 തീയതികളിൽ ബുർജ് ഖലീഫയിലും പ്രത്യേക പ്രൊജക്ഷൻ ഷോ ഉണ്ടാകും. വൈകിട്ട് 6.45 മുതൽ ഓരോ മണിക്കൂറിലും ദൃശ്യവിരുന്ന് ആസ്വദിക്കാം. ഇതോടൊപ്പം ദുബായ് ഫൗണ്ടനിലും പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളുണ്ടാകും. വൈകിട്ട് 5.30 മുതൽ രാത്രി 11 വരെ ഓരോ അരമണിക്കൂറിലും നടക്കുന്ന ഫൗണ്ടൻ ഷോയ്ക്ക് മുൻപായി യുഎഇ പതാക തെളിയും.
ഡിസംബർ 2ന് വൈകിട്ട് 6 മുതൽ 7 വരെ ദുബായ് ഫ്രെയിം ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിക്കും. ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിലും ഡിസംബർ 1 മുതൽ 4 വരെ രാത്രി 8ന് യുഎഇയുടെ ചരിത്രവും പൈതൃകവും അവതരിപ്പിക്കുന്ന പ്രൊജക്ഷൻ ഷോ നടക്കും.
ആകാശത്ത് വ്യോമാഭ്യാസവും
നവംബർ 29ന് വൈകിട്ട് 4.15 മുതൽ 5.15 വരെ കൈറ്റ് ബീച്ചിൽ ഫുർസാൻ അൽ ഇമറാത്ത് എയർ ഷോ നടക്കും. യുഎഇ വ്യോമസേനയുടെ അഭ്യാസപ്രകടനം കാണാൻ നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷ.
ലെഗോയിൽ തീർക്കുന്ന ദേശീയ പതാക; ഗിന്നസ് റെക്കോർഡിനും ശ്രമം
മോൾ ഓഫ് ദി എമിറേറ്റ്സിലും ദേശീയ ദിനാഘോഷത്തിന് പ്രത്യേകതയുണ്ട്. ലെഗോ കട്ടകൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ യുഎഇ പതാക നിർമിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. സന്ദർശകർക്കും ഈ റെക്കോർഡ് ശ്രമത്തിന്റെ ഭാഗമാകാം. ഡിസംബർ 2ന് പൂർത്തിയായ പതാക ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.
ഗ്ലോബൽ വില്ലേജിൽ ആഘോഷം പുലർച്ചെ വരെ
നവംബർ 27 മുതൽ ഡിസംബർ 4 വരെ ഗ്ലോബൽ വില്ലേജ് പുലർച്ചെ 1 മണിവരെ പ്രവർത്തിക്കും. പ്രത്യേക കലാപരിപാടികൾക്കും വൈവിധ്യമാർന്ന ഭക്ഷണങ്ങൾക്കും പുറമെ ഡിസംബർ 2, 3 തീയതികളിൽ ഡ്രോൺ ഷോയും ഒരുക്കിയിട്ടുണ്ട്.
സിറ്റി വാക്കിലെ ഈദ് അൽ ഇത്തിഹാദ് വില്ലേജിൽ ഡിസംബർ 1 മുതൽ 3 വരെ വൈകിട്ട് 4 മുതൽ രാത്രി 10 വരെ പ്രവേശനം സൗജന്യമാണ്. ഡിസംബർ 2ന് രാത്രി 8ന് പ്രശസ്ത ഗായിക യാറയുടെ സൗജന്യ സംഗീതനിശയും നടക്കും.
ഹത്തയിലും ആഘോഷങ്ങൾക്ക് കുറവില്ല
ഹത്ത വാദി ഹബ്ബിൽ ഡിസംബർ 2, 3 തീയതികളിൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി സിപ്ലൈൻ, വാൾ ക്ലൈംബിംഗ്, കുട്ടികൾക്കായുള്ള വിവിധ വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കും. ഡിസംബർ 2ന് സൗജന്യ കാൻഡിൽലൈറ്റ് സംഗീതനിശയും ഉണ്ടാകും.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നവംബർ 27ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ ഒട്ടകയോട്ടം, ഫാൽക്കൺ പ്രദർശനം, ലൈവ് കുക്കിങ് തുടങ്ങിയ പരിപാടികളും നടക്കും. വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്.
സിറ്റി സെന്റർ മിർദിഫ്, മെർക്കാറ്റോ മാൾ, അൽ ഖവാനീജ് വാക്ക്, ദി റൈപ്പ് മാർക്കറ്റ്, എത്തിഹാദ് മ്യൂസിയം എന്നിവിടങ്ങളിലും വിവിധ പരിപാടികൾ നടക്കും. അൽ സീഫ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ സ്ട്രീറ്റ് തുടങ്ങിയ പ്രധാന മേഖലകൾ നവംബർ 25 മുതൽ ഡിസംബർ 6 വരെ വർണാഭമായ അലങ്കാരങ്ങളാൽ തിളങ്ങും.
ദുബായിൽ ‘ലാലേട്ടൻ’ തരംഗവും
മലയാളികൾക്ക് ഏറെ ആവേശം പകരുന്ന പരിപാടിയാണ് ‘ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’. ഡിസംബർ 2ന് വൈകിട്ട് 6ന് കൊക്കകോള അരീനയിൽ മോഹൻലാൽ നയിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള പരിപാടി നടക്കും. സംഗീതം, നൃത്തം, കോമഡി എന്നിവ കോർത്തിണക്കിയ ഷോയുടെ ടിക്കറ്റ് നിരക്ക് 200 മുതൽ 2,500 ദിർഹം വരെയാണ്.
ഇതിന് പുറമെ നവംബർ 27ന് കൊക്കകോള അരീനയിൽ ആതിഫ് അസ്ലമിന്റെ സംഗീതനിശയും നടക്കും. ഡിസംബർ 1ന് ബൽക്കീസും ഡിസംബർ 2ന് മുഹമ്മദ് അൽ ഷെഹിയും ഫെസ്റ്റിവൽ ബേ ലൈവിൽ സംഗീതവിരുന്നൊരുക്കും. സംഗീതപരിപാടികൾക്കൊപ്പം വെടിക്കെട്ടും ഉണ്ടാകും.
ദുബായ് ഓപ്പറയിൽ നവംബർ 25, 26, 28, 29 തീയതികളിൽ ട്രെവർ നോവയുടെ കോമഡി ഷോയും എക്സ്പോ സിറ്റി ജൂബിലി പാർക്കിൽ നവംബർ 28ന് വസ്ല ഫെസ്റ്റിവലും അരങ്ങേറും. മോൾ ഓഫ് ദി എമിറേറ്റ്സിലെ ന്യൂ കോവന്റ് ഗാർഡൻ തിയേറ്ററിൽ ഡിസംബർ 5 മുതൽ 24 വരെ ‘സിൻഡ്രെല്ല’ ഷോയും നടക്കും.