ദുബായിൽ ഞായറാഴ്ച യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; സാലിക് ടോൾ നിരക്കിൽ മാറ്റം

Dubai Salik toll rates; ‘ദുബായ് റൺ’ പരിപാടിയോട് അനുബന്ധിച്ച് 2026 നവംബർ 22 ഞായറാഴ്ച പ്രത്യേക വേരിയബിൾ ടോൾ നിരക്കുകൾ പ്രഖ്യാപിച്ച് ദുബായുടെ ടോൾ ഓപ്പറേറ്ററായ സാലിക്. ആയിരക്കണക്കിന് ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ അണിനിരക്കുന്ന ഈ പരിപാടിയെത്തുടർന്നാണ് പ്രത്യേക നിരക്ക് ക്രമീകരണം. പുതുക്കിയ സമയക്രമം അനുസരിച്ച്, ഞായറാഴ്ച രാവിലെ 6 മുതൽ 10 വരെ സാലിക് ടോൾ ഗേറ്റുകൾ കടന്നുപോകുന്ന വാഹനങ്ങൾക്ക് ഓരോ തവണയും 6 ദിർഹം ഈടാക്കും. ഞായറാഴ്ചകളിലെ സാധാരണ നിരക്കായ 4 ദിർഹത്തിന് പകരമാണിത്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ടോൾ നിരക്ക് 4 ദിർഹമായി കുറയും. വൈകുന്നേരത്തെ തിരക്കേറിയ സമയമായ 4 മുതൽ രാത്രി 8 വരെയും, തുടർന്ന് രാത്രി 8 മുതൽ പുലർച്ചെ 1 വരെയും ഇതേ 4 ദിർഹം നിരക്ക് തന്നെയായിരിക്കും ബാധകമാകുക. പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് ടോൾ സൗജന്യമായിരിക്കുമെന്ന് സാലിക് സ്ഥിരീകരിച്ചു. നിരക്ക് ഈടാക്കുന്ന എല്ലാ ടോൾ ഇടപാടുകൾക്കും 5 ശതമാനം മൂല്യവർദ്ധിത നികുതി ബാധകമായിരിക്കുമെന്നും സാലിക് അറിയിപ്പിൽ വ്യക്തമാക്കി. താമസക്കാരെയും സന്ദർശകരെയും തുടർച്ചയായി 30 ദിവസം ദിവസവും 30 മിനിറ്റ് വീതം വ്യായാമത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്ന ‘ദുബായ് ഫിറ്റ്നസ് ചലഞ്ചി’ന്റെ പ്രധാന പരിപാടികളിലൊന്നായ ‘ദുബായ് റൺ 2026’-നോട് അനുബന്ധിച്ചാണ് ഈ നിരക്ക് പരിഷ്കരണം. ഞായറാഴ്ച രാവിലെ 6.30-ന് ആരംഭിക്കുന്ന പരിപാടിയിൽ, സെൻട്രൽ ദുബായിലൂടെയുള്ള രണ്ട് റൂട്ടുകളിൽ ഏതെങ്കിലും ഒന്ന് പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുക്കാം. 5 കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ആരംഭിച്ച് ഡൗൺടൗൺ ദുബായ് വഴി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ അവസാനിക്കും.
10 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് തന്നെയാണ് തുടങ്ങുക. തുടർന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ മുന്നോട്ടുപോയി ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) ഗേറ്റ് ബിൽഡിംഗിന് സമീപം സമാപിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version