ഓഫീസിൽ പോകേണ്ട, ഫോൺ വിളിക്കേണ്ട; ജസീറ എയർവേയ്‌സ് സേവനങ്ങൾ ഇനി വേ​ഗത്തിൽ

Jazeera Airways WhatsApp number; യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള യാത്രാ കാര്യങ്ങൾ മൊബൈൽ ഫോണിലൂടെ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ജസീറ എയർവേയ്‌സ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്സ്ആപ്പ് സെൽഫ് സർവീസ് സംവിധാനം തുടങ്ങി. കുവൈത്തിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് +965 6222 1770 എന്ന നമ്പറിലൂടെയാണ് പുതിയ ചാനൽ അവതരിപ്പിച്ചത്. ഇംഗ്ലീഷിലും അറബിക്കിലും ലഭ്യമാകുന്ന ഈ സൗകര്യം വഴി കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാതെയോ ഓഫീസുകളിൽ നേരിട്ടെത്താതെയോ യാത്രക്കാർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും.ഈ വാട്സ്ആപ്പ് സംവിധാനത്തിലൂടെ പുതിയ വിമാന ടിക്കറ്റുകൾ എടുക്കാനും, നിലവിലെ ബുക്കിംഗുകൾ പരിശോധിക്കാനും, യാത്രാ തീയതികളിൽ മാറ്റം വരുത്താനും സാധിക്കും. കൂടാതെ സീറ്റ് തിരഞ്ഞെടുക്കൽ, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യൽ, അധിക ബാഗേജ് ചേർക്കൽ തുടങ്ങിയ സേവനങ്ങളും ഇതിൽ ലഭ്യമാണ്. ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കാനും, യാത്രാ രേഖകളും ചെക്ക്-ഇൻ സ്ഥിരീകരണങ്ങളും ഡൗൺലോഡ് ചെയ്യാനും ഇതിലൂടെ കഴിയും. വിമാനത്തിന്റെ നിലവിലെ സ്ഥിതി, ടെർമിനൽ, ബോർഡിംഗ് ഗേറ്റ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വാട്സ്ആപ്പിലൂടെ അറിയാനാകും. പാസ്‌പോർട്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ യാത്രക്കാർക്ക് സ്വയം പുതുക്കാനുള്ള സൗകര്യവും ഈ ചാനലിലുണ്ട്. ക്രെഡിറ്റ് ഷെല്ലിലേക്കുള്ള റീഫണ്ട് അപേക്ഷകൾ നൽകാനും, റീഫണ്ട് നില പരിശോധിക്കാനും, നഷ്ടപ്പെട്ടതോ വിട്ടുപോയതോ ആയ ബാഗേജുകളുടെ വിവരങ്ങളും പരാതികളുടെ പുരോഗതിയും അറിയാനും സാധിക്കും. കൂടുതൽ സഹായം വേണ്ടവർക്ക് ഇതേ ചാറ്റിലൂടെ തന്നെ കസ്റ്റമർ സർവീസ് പ്രതിനിധിയുമായി നേരിട്ട് സംസാരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. യാത്രാനുഭവം പരമാവധി ലളിതവും മികച്ചതുമാക്കാനാണ് കമ്പനി എപ്പോഴും ശ്രമിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് സിഇഒ ബരതൻ പശുപതി പറഞ്ഞു. എപ്പോൾ വേണമെങ്കിലും എവിടെയിരുന്നും യാത്രാ കാര്യങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിലാണ് അവശ്യ സേവനങ്ങൾ വാട്സ്ആപ്പിലൂടെ യാത്രക്കാരുടെ കൈകളിലെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സേവനം ഉപയോഗിക്കാൻ +965 6222 1770 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത് വാട്സ്ആപ്പിൽ ‘ഹായ്’ എന്ന് സന്ദേശം അയച്ചാൽ മതിയാകും. https://wa.me/96562221770 എന്ന ലിങ്ക് വഴിയും യാത്രക്കാർക്ക് നേരിട്ട് ചാറ്റ് തുടങ്ങാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *