
Fujairah road accident; കഴിഞ്ഞയാഴ്ച ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പൊലിഞ്ഞ 14 ജീവനുകളിൽ, പ്രിയപ്പെട്ടവരുടെ മനസ്സിൽ തീരാനൊമ്പരമായി മാറിയിരിക്കുകയാണ് 21-കാരനായ റാഷിദ് മൂസ അബ്ദുല്ല അൽ ദർമാക്കിയുടെ വേർപാട്. ഷാർജ സർവകലാശാലയിൽ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു റാഷിദ്. ബഹിരാകാശ ശാസ്ത്രരംഗത്ത് വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്ന ഈ യുവപ്രതിഭയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഇളയ സഹോദരൻ ഉമറിനൊപ്പം ഷാർജയിൽ നിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. സഹോദരനെ സർവകലാശാലാ ക്യാംപസിലെ ഹോസ്റ്റലിൽ സുരക്ഷിതമായി എത്തിച്ച ശേഷമാണ് റാഷിദ് ഫുജൈറയിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സമയം ഏറെ വൈകിയിട്ടും റാഷിദ് എത്താതിരുന്നതോടെ വീട്ടുകാർ ആശങ്കയിലായി. രാത്രിയിൽ ഷാർജയിൽ തന്നെ തങ്ങിയതാകാമെന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. പിറ്റേന്ന് ഉച്ചയോടെ പൊലീസ് ഉമറിനെ വിളിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദുരന്തവാർത്ത കുടുംബം അറിയുന്നത്.
വിവരമറിഞ്ഞ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയെങ്കിലും അപകടത്തിന്റെ ആഘാതം മൂലം ആദ്യഘട്ടത്തിൽ റാഷിദിനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അമ്മയുടെയും സഹോദരിയുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മരിച്ചത് റാഷിദാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും രാത്രിയിലെ പ്രാർഥനകൾക്ക് ശേഷം കബറടക്കം നടത്തുകയും ചെയ്തു. വ്യാഴാഴ്ചയുണ്ടായ ഈ അപകടത്തിൽ മൂന്ന് മലയാളികളും ഒരു ഇന്ത്യക്കാരനുമടക്കം 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് ക്യാംപസിൽ പ്രഫസറെയും സഹപാഠികളെയും പ്രാർഥനയ്ക്ക് നയിച്ച റാഷിദിന്റെ ഓർമകളിലാണ് ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രഫസർ ഡോ. മഷ്ഹൂർ അൽ വർദാത്. ഖുർആൻ ഹൃദയസ്ഥമാക്കിയിരുന്ന റാഷിദ് അതീവ മനോഹരമായ ശബ്ദത്തിലായിരുന്നു പ്രാർഥനകൾ ചൊല്ലിയിരുന്നത്. പ്രാർഥനയ്ക്ക് ശേഷം ക്ലാസിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കിയാണ് അന്ന് റാഷിദ് മടങ്ങിയത്. ആ കൂടിക്കാഴ്ച അവസാനത്തേതാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അധ്യാപകൻ വേദനയോടെ ഓർക്കുന്നു.
2019–2020 അധ്യയന വർഷത്തിൽ യുഎഇയിൽ സെക്കൻഡറി സ്കൂൾ തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളിൽ ഒരാളായിരുന്നു റാഷിദ്. കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം ജലശുദ്ധീകരണ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിചയം നേടിയിരുന്നു. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവിന്റെ ‘യങ് വാട്ടർ പയനീയേഴ്സ്’ പദ്ധതിയിലും സജീവ പങ്കാളിയായിരുന്നു. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലാണ് സ്പേസ് സയൻസിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നത്. പഠനത്തിലും ജോലിയിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തിയിരുന്ന റാഷിദ്, കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളേക്കാൾ ക്യാംപസിൽ നേരിട്ടെത്തി അറിവ് നേടാനാണ് താൽപര്യപ്പെട്ടിരുന്നത്. എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഒരു നല്ല മനുഷ്യനെയാണ് റാഷിദിന്റെ വേർപാടിലൂടെ നഷ്ടമായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.