വീട് പൂട്ടി യാത്ര പോകും മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക! യുഎഇ പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ

അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീട് പൂട്ടി യാത്ര പോകുന്ന താമസക്കാർക്കായി സുരക്ഷാ നിർദേശങ്ങളുമായി അജ്മാൻ പൊലീസ്. വീട്ടുടമകൾ ദീർഘദൂര യാത്രയ്ക്ക് പോകുന്ന സാഹചര്യത്തിൽ മോഷണവും മറ്റ് സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീടിന്റെ എല്ലാ വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഗ്യാസ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്. വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കളും പ്രധാന രേഖകളും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു. ദീർഘകാലത്തേക്ക് വീട് ഒഴിവാക്കി പോകുന്നവർ യാത്രാവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യമായി പങ്കുവെക്കുന്നതിലും ജാഗ്രത പാലിക്കണം. വീട്ടിൽ ആരുമില്ലെന്ന വിവരം മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് സുരക്ഷാ ഭീഷണിക്ക് ഇടയാക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, വിശ്വസ്തരായ ബന്ധുക്കളെയോ അയൽവാസികളെയോ യാത്രാവിവരം അറിയിക്കുകയും ആവശ്യമെങ്കിൽ ഇടയ്ക്കിടെ വീട് പരിശോധിക്കാൻ ഏർപ്പാടാക്കുകയും ചെയ്യാം. സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെ വിവരം അറിയിക്കണമെന്നും അജ്മാൻ പൊലീസ് നിർദേശിച്ചു. യാത്രയുടെ സന്തോഷം സുരക്ഷാ ആശങ്കകളില്ലാതെ ആസ്വദിക്കണമെങ്കിൽ വീട് വിട്ടുപോകുന്നതിന് മുമ്പ് ചെറിയ മുൻകരുതലുകൾ പോലും നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. വീടും കുടുംബവും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുറപ്പെടാവൂ എന്നും പൊലീസ് ഓർമിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version