ഒന്നരവർഷമായി മോർച്ചറിയിൽ; ഒടുവിൽ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ഉത്തരവ്

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിൽ കുടുങ്ങി ഒന്നരവർഷം നീണ്ട കാത്തിരിപ്പ്; കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കണം, പൊലീസ് സംരക്ഷണവും ഉറപ്പാക്കി ഹൈക്കോടതി.

ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഒന്നരവർഷത്തോളം യുഎഇയിലെ അജ്മാൻ ഫൊറൻസിക് ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി റോബർട്ട് ഫ്രാൻസിസ് സഹായന്റെ (71) മൃതദേഹം ഒടുവിൽ നാട്ടിലെത്തിച്ച് സംസ്കരിക്കാനൊരുങ്ങുന്നു. മൃതദേഹം ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയിൽ മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്കാരച്ചടങ്ങുകൾ തടസ്സമില്ലാതെ നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദ്ദേശിച്ചു.

2025 മാർച്ച് 26നാണ് റോബർട്ട് ഫ്രാൻസിസ് യുഎഇയിൽ ജീവനൊടുക്കിയത്. മരണത്തിനു പിന്നാലെ മൃതദേഹം എവിടെ സംസ്കരിക്കണമെന്ന കാര്യത്തിൽ അടുത്ത ബന്ധുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. മൃതദേഹം നാട്ടിലെത്തിച്ച് ശാസ്താംകോട്ടയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ മകൾ മേരി വിക്ടോറിയ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു അനന്തരവനായ ജോൺസൺ ഫിലിപ്സിന്റെ നിലപാട്. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ നീണ്ടുപോയി.

തർക്കം പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ കോടതിയെ വിവരമറിയിച്ചിരുന്നു. കേസ് പരിഗണനയ്ക്കെത്തിയപ്പോൾ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ എതിർപ്പില്ലെന്ന് ഇരുവിഭാഗവും കോടതിയെ അറിയിച്ചു. തുടർന്നാണ് സംസ്കാരം സംബന്ധിച്ച് കോടതി വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

വിദേശകാര്യ മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ഏകോപിപ്പിച്ച് മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കണം. മൃതദേഹം ഏറ്റുവാങ്ങുന്ന ഹർജിക്കാരിയായ മേരി വിക്ടോറിയ നാലുദിവസത്തിനകം മതാചാരപ്രകാരം സംസ്കാരം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കുടുംബക്കല്ലറയിൽ നടക്കുന്ന ചടങ്ങിൽ ജോൺസൺ ഫിലിപ്സിനും പങ്കെടുക്കാം. സംസ്കാരത്തിനിടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പൊലീസ് സംരക്ഷണവും ഉറപ്പാക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version