
ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡിഐഎഫ്സി) സാമ്പത്തിക നിയന്ത്രണ ഏജൻസിയായ ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയെ (ഡിഎഫ്എസ്എ) തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ച നിക്ഷേപകന് 2.10 ലക്ഷം ഡോളറിലധികം പിഴ. ഏകദേശം 7.71 ലക്ഷം ദിർഹമാണ് പിഴയായി ചുമത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസുകളിലെ മുൻകാല കുറ്റങ്ങളും ശിക്ഷകളും മറച്ചുവച്ച് അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2020 നവംബർ മുതൽ 2022 ജൂൺ വരെ ഡിഎഫ്എസ്എയുടെ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ പബ്ലിക് റിലേഷൻസ് ഓഫിസറായും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായും ഇയാൾ പ്രവർത്തിച്ചിരുന്നു. അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായുള്ള നിർബന്ധിത അഭിമുഖത്തിനിടെ മുൻപ് സാമ്പത്തിക തട്ടിപ്പുകളിലോ സമാന കുറ്റകൃത്യങ്ങളിലോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇയാൾ തെറ്റായ മറുപടി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
മറ്റ് രാജ്യങ്ങളിൽ നടന്ന മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ഡിഎഫ്എസ്എ വ്യക്തമാക്കിയത്. ഈ വിവരങ്ങൾ മറച്ചുവച്ചത് 2004ലെ റെഗുലേറ്ററി നിയമത്തിലെ ആർട്ടിക്കിൾ 66ന്റെ ലംഘനമാണെന്നും അതോറിറ്റി വിലയിരുത്തി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും ഹാജരാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറായില്ല. മതിയായ വിശദീകരണമില്ലാതെ രേഖകൾ നൽകാതിരുന്നത് നിയമത്തിലെ ആർട്ടിക്കിൾ 69ന്റെ ലംഘനമായും കണ്ടെത്തി. പിഴയ്ക്ക് പുറമേ, ഡിഎഫ്എസ്എയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനും ഡിഐഎഫ്സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബിസിനസുകൾ നടത്തുന്നതിനും ഇയാൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഒരിക്കലും ഡിഎഫ്എസ്എ അംഗീകാരമുള്ള വ്യക്തിയായിരുന്നില്ലെന്നും ഡിഐഎഫ്സിയിൽ സാമ്പത്തിക സേവനങ്ങൾ നൽകാൻ യോഗ്യനല്ലെന്നും അതോറിറ്റി വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t