യാത്രകൾ ഇനി തടസ്സമില്ലാതെ; എത്തിഹാദ് റെയിൽ സേവനങ്ങൾ സിറ്റിമാപ്പർ ആപ്പിലും ലഭ്യമാകും

UAE passenger trains; എത്തിഹാദ് റെയിൽ യാത്രക്കാർക്ക് തങ്ങളുടെ മുഴുവൻ യാത്രാപദ്ധതികളും ഒരിടത്ത് തന്നെ തയ്യാറാക്കാൻ ഇനി എളുപ്പവഴി. പ്രശസ്ത ട്രാവൽ ആപ്പായ ‘സിറ്റിമാപ്പറുമായി’ എത്തിഹാദ് റെയിൽ ഔദ്യോഗികമായി കൈകോർത്തു. സിറ്റിമാപ്പിന്റെ മാതൃകമ്പനിയായ ‘വിയ’ , ഗതാഗത ഓപ്പറേറ്ററായ ‘യുണൈറ്റഡ് ട്രാൻസ്’ എന്നിവരുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയും, ട്രെയിൻ ഇറങ്ങിയ ശേഷം ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സിറ്റിമാപ്പർ ആപ്പിലൂടെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. മെട്രോ, ബസ്, ഓൺ-ഡിമാൻഡ് ടാക്സി തുടങ്ങി വിവിധ ഗതാഗത മാർഗ്ഗങ്ങളെ എത്തിഹാദ് റെയിൽ സർവീസുമായി സംയോജിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും എത്തിഹാദ് റെയിലിന്റെ സ്വന്തം ആപ്പും വെബ്സൈറ്റും ഉപയോഗിക്കാമെങ്കിലും, മൊത്തത്തിലുള്ള യാത്രാ പ്ലാനിംഗിനായി സിറ്റിമാപ്പർ ഉപയോഗിക്കാനാകും.

സെപ്റ്റംബർ 30-നാണ് യുഎഇയിൽ ദേശീയ പാസഞ്ചർ ട്രെയിൻ ശൃംഖല ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ എന്നിവിടങ്ങളിലൂടെ ഇപ്പോൾ ട്രെയിൻ സർവീസുകൾ ലഭ്യമാണ്. വരും മാസങ്ങളിൽ ലിവാ ഫെസ്റ്റിവലിന് മുന്നോടിയായി ലിവാ സ്റ്റേഷനും പ്രവർത്തനം ആരംഭിക്കുമെന്ന് എത്തിഹാദ് റെയിൽ വക്താക്കൾ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും ആത്മവിശ്വാസം നൽകുന്നതുമായ ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എത്തിഹാദ് റെയിൽ മൊബിലിറ്റി പ്രതിനിധി അദ്രാ അൽ മൻസൂരി പറഞ്ഞു. പൊതുഗതാഗതം കൂടുതൽ ആളുകൾ തിരഞ്ഞെടുക്കണമെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. വിവിധ ഗതാഗത ശൃംഖലകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു സംയോജിത യാത്രാനുഭവം ഒരുക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് വിയ (Via) കമ്പനി പ്രതിനിധി ക്രിസ് സ്നൈഡർ പറഞ്ഞു. യുഎഇയിലെ പൊതുഗതാഗതത്തെ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് യുണൈറ്റഡ് ട്രാൻസ് ഓപ്പറേഷൻസ് ഹെഡ് ലയണൽ ജോസഫ് വ്യക്തമാക്കി. .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version