യുഎഇയിൽ ജീവനക്കാരെ നിയമിക്കുമ്പോൾ സൂക്ഷിക്കുക! വർക്ക് പെർമിറ്റില്ലെങ്കിൽ 2.3 കോടി വരെ പിഴ; തൊഴിലുടമകൾക്ക് മുന്നറിയിപ്പ്

യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ രൂപയിൽ ഏകദേശം 23 ലക്ഷം മുതൽ 2.3 കോടി രൂപ വരെയാണ് പിഴത്തുക.

തൊഴിലാളികളെ നിയമിക്കുന്നതിനു മുൻപ് ആവശ്യമായ അനുമതികളും രേഖകളും ഉറപ്പാക്കണമെന്നും തൊഴിൽ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചു. നിയമലംഘനങ്ങൾ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാൽ നിയമന നടപടികളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.

പിഴ ലഭിക്കാവുന്ന പ്രധാന അഞ്ച് നിയമലംഘനങ്ങൾ

1. വർക്ക് പെർമിറ്റില്ലാതെ ജോലി നൽകുക

മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതി നേടാതെ തൊഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് നിയമലംഘനമാണ്. ആവശ്യമായ വർക്ക് പെർമിറ്റ് ഉറപ്പാക്കിയ ശേഷമേ നിയമനം നടത്താവൂ.

2. നിയമിച്ചിട്ടും ജോലി നൽകാതിരിക്കുക

ഔദ്യോഗികമായി നിയമന നടപടികൾ പൂർത്തിയാക്കിയ ശേഷം തൊഴിലാളിക്ക് യഥാർഥത്തിൽ ജോലി നൽകാതിരിക്കുന്നതും പിഴ ലഭിക്കാവുന്ന കുറ്റമാണ്.

3. വർക്ക് പെർമിറ്റ് ദുരുപയോഗം ചെയ്യുക

അനുവദിച്ചിട്ടുള്ള തൊഴിൽ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനായി വർക്ക് പെർമിറ്റ് ഉപയോഗിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും.

4. സ്ഥാപനം അടച്ചുപൂട്ടുമ്പോൾ നിയമബാധ്യതകൾ തീർപ്പാക്കാതിരിക്കുക

സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ തൊഴിലാളികളുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശികകളും മറ്റ് നിയമപരമായ ബാധ്യതകളും തീർപ്പാക്കാതെ പോകുന്നത് നടപടികൾക്ക് കാരണമാകും.

5. പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലിക്കെടുക്കുക

തൊഴിൽ നിയമത്തിലെ പ്രായപരിധികളും മറ്റ് വ്യവസ്ഥകളും പാലിക്കാതെ കുട്ടികളെയും പ്രായപൂർത്തിയാകാത്തവരെയും ജോലിക്കെടുക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. നിയമവിരുദ്ധമായ രീതിയിൽ രക്ഷിതാക്കളുടെ സമ്മതം നേടുന്നതും അനുവദനീയമല്ല.

ഓരോ ജോലിക്കും അനുയോജ്യമായ പെർമിറ്റ് നിർബന്ധം

തൊഴിലാളിയുടെ സാഹചര്യം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുത്ത് അനുയോജ്യമായ വർക്ക് പെർമിറ്റ് തിരഞ്ഞെടുക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വിദേശത്തുനിന്നുള്ള നിയമനം, സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽമാറ്റം, താൽക്കാലിക ജോലി, പാർട്‌ടൈം ജോലി, കുടുംബ സ്പോൺസർഷിപ്പിലുള്ളവരുടെ തൊഴിൽ, വിദ്യാർഥികളുടെ പരിശീലനം, പ്രായപൂർത്തിയാകാത്തവരുടെ തൊഴിൽ എന്നിവയ്ക്കായി വ്യത്യസ്ത പെർമിറ്റുകൾ ലഭ്യമാണ്.

ഗോൾഡൻ വീസക്കാർക്കും യുഎഇ, ജിസിസി പൗരന്മാർക്കും സ്വകാര്യ ട്യൂഷൻ നൽകുന്നവർക്കും പ്രത്യേക പെർമിറ്റ് സംവിധാനങ്ങളുമുണ്ട്. ആവശ്യമായ പെർമിറ്റ് നേടുകയും അതിലെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നത് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version