
റോഡ് മുറിച്ചുകടക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കാത്ത കാൽനടയാത്രക്കാർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുകയോ കാൽനടയാത്രക്കാർക്കുള്ള സിഗ്നൽ ലംഘിക്കുകയോ ചെയ്താൽ 400 ദിർഹം പിഴ ചുമത്തും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായാണ് അധികൃതരുടെ നടപടി.
റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിങ്ങുകൾ ഉൾപ്പെടെയുള്ള നിശ്ചിത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. റോഡിലേക്ക് ഇറങ്ങുന്നതിന് മുമ്പ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുകയും കാൽനട സിഗ്നലുകൾ കൃത്യമായി പാലിക്കുകയും വേണം.
അതേസമയം, സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് വാഹനയാത്രക്കാർ മുൻഗണന നൽകണമെന്നും പൊലീസ് ഓർമിപ്പിച്ചു. നിയമങ്ങൾ പാലിക്കുന്നത് പിഴ ഒഴിവാക്കാൻ മാത്രമല്ല, അപകടങ്ങൾ തടയാനും ജീവൻ സംരക്ഷിക്കാനും അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി