കുവൈത്തിൽ മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരന്റെ മൃതദേഹം; സഹതാമസക്കാരൻ കസ്റ്റഡിയിൽ, നിർണായക വെളിപ്പെടുത്തൽ

കുവൈത്തിൽ മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, മരിച്ചയാളുടെ സഹതാമസക്കാരനായ മറ്റൊരു ഇന്ത്യക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, മരണത്തിന് ഉത്തരവാദി താനല്ലെന്നാണ് പ്രതിയുടെ മൊഴി.

മാലിന്യക്കൂമ്പാരത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. മൃതദേഹത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ രേഖകൾ മരിച്ചയാളെ തിരിച്ചറിയാനും മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും സഹായിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചയാൾ ഇന്ത്യക്കാരനാണെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലായിരുന്നു താമസമെന്നും വ്യക്തമായി. ഇതോടെയാണ് ഇയാളുടെ സഹതാമസക്കാരനായ മറ്റൊരു ഇന്ത്യക്കാരനിലേക്ക് അന്വേഷണം നീണ്ടത്. സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായി ഇയാൾ സമ്മതിച്ചത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് മരിച്ചയാൾ മരുന്നുകൾ കഴിച്ചിരുന്നുവെന്നും അതിനുശേഷമാണ് മരണം സംഭവിച്ചതെന്നുമാണ് പ്രതിയുടെ വാദം. നിയമനടപടികൾ ഭയന്നാണ് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

സംഭവത്തിൽ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. മരിച്ചയാളും കസ്റ്റഡിയിലുള്ള പ്രതിയും ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നുള്ളവരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version