തലകീഴായും ഓടും, ആകാശത്തേക്കും പറക്കും! ടെസ്‌ല ‘റോഡ്‌സ്റ്റർ’ യുഎഇയിൽ എത്തി; ബുക്കിങ്ങിന് വേണ്ടത് ലക്ഷങ്ങൾ!

റോഡിൽ അതിവേഗം കുതിക്കുന്നതിനൊപ്പം തലകീഴായി സഞ്ചരിക്കാനും പറക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന ടെസ്‌ലയുടെ പുതിയ തലമുറ ഇലക്ട്രിക് സൂപ്പർകാർ ‘റോഡ്‌സ്റ്റർ’ യുഎഇ വിപണിയിൽ ബുക്കിങ്ങിനായി എത്തി. ടെക്‌സസിൽ ഇലോൺ മസ്‌ക് നടത്തിയ പ്രദർശനത്തിന് പിന്നാലെയാണ് ടെസ്‌ലയുടെ ഔദ്യോഗിക യുഎഇ വെബ്‌സൈറ്റിൽ മോഡൽ ലിസ്റ്റ് ചെയ്തത്.
വാഹനത്തിന്റെ അന്തിമ വിൽപന വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മോഡലിനനുസരിച്ച് 2.10 ലക്ഷം ദിർഹം മുതൽ 10.20 ലക്ഷം ദിർഹം വരെ ഡെപ്പോസിറ്റ് നൽകിയാണ് പ്രീ-ബുക്കിങ് നടത്തേണ്ടത്.
നിലവിൽ രണ്ട് പ്രധാന വേരിയന്റുകളാണ് യുഎഇ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്.
പെർഫോമൻസ് വേരിയന്റ്: രണ്ട് സീറ്റുള്ള റോഡ് മോഡലാണിത്. കാറിനെ റോഡിനോട് ചേർത്ത് കൂടുതൽ സ്ഥിരതയോടെ നിലനിർത്താൻ പ്രത്യേക ഫാൻ സംവിധാനവും ആക്റ്റീവ് എയറോഡൈനാമിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം 20,000 ദിർഹം റീഫണ്ടബിൾ ഡെപ്പോസിറ്റായി നൽകണം. തുടർന്ന് 10 ദിവസത്തിനകം 1.90 ലക്ഷം ദിർഹം കൂടി അടച്ചാൽ ബുക്കിങ് പൂർത്തിയാകും. ആകെ ഡെപ്പോസിറ്റ് 2.10 ലക്ഷം ദിർഹം.

ത്രസ്റ്റ് വേരിയന്റ്: പരിമിത എഡിഷനായി അവതരിപ്പിക്കുന്ന ഈ രണ്ട് സീറ്റർ പതിപ്പിൽ പ്രത്യേക ആക്‌സിലറേഷൻ ത്രസ്റ്ററുകളാണുള്ളത്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ ഒരു സെക്കൻഡിൽ താഴെ സമയം മതിയാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 20,000 ദിർഹം ആദ്യം അടച്ച ശേഷം 10 ദിവസത്തിനകം 10 ലക്ഷം ദിർഹം കൂടി നൽകണം. ആകെ ഡെപ്പോസിറ്റ് 10.20 ലക്ഷം ദിർഹം. ഒരു ഉപഭോക്താവിന് ഒരു റോഡ്‌സ്റ്റർ മാത്രമേ ബുക്ക് ചെയ്യാനാകൂ. അതേസമയം, വായുവിൽ പറക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന റോക്കറ്റ്/ഫ്ലൈയിംഗ് വേരിയന്റ് പ്രത്യേക ക്ഷണം ലഭിക്കുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക.
ബുക്കിങ് തുക അടയ്ക്കുന്നത് വാഹനം സ്വന്തമാക്കാനുള്ള മുൻഗണന നൽകുമെങ്കിലും കാർ വാങ്ങുമെന്ന് ഇതിലൂടെ ടെസ്‌ല ഉറപ്പുനൽകുന്നില്ല. വാഹനത്തിന്റെ അന്തിമ ഡിസൈൻ, ഫീച്ചറുകൾ, സാങ്കേതിക സവിശേഷതകൾ എന്നിവ പൂർത്തിയാക്കിയ ശേഷമേ അന്തിമ വില നിശ്ചയിക്കുകയുള്ളൂ. വാങ്ങൽ പൂർത്തിയാകുമ്പോൾ അടച്ച ഡെപ്പോസിറ്റ് തുക വാഹനത്തിന്റെ വിലയിൽനിന്ന് കുറയ്ക്കും.
അതേസമയം, റോഡ്‌സ്റ്റർ എപ്പോൾ ഉൽപാദനത്തിലേക്ക് കടക്കും, ഉപഭോക്താക്കൾക്ക് എപ്പോൾ വിതരണം ചെയ്യും തുടങ്ങിയ കാര്യങ്ങളിൽ ടെസ്‌ല ഇതുവരെ കൃത്യമായ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *