
Digital parenting UAE; സോഷ്യൽ മീഡിയയിൽ കുട്ടികൾ ഉപയോഗിക്കുന്ന ഇമോജികളും സംസാരശൈലിയും നിഷ്കളങ്കമാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഓൺലൈൻ ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ചിഹ്നങ്ങൾക്കും വാക്കുകൾക്കും പിന്നിൽ പലപ്പോഴും സൈബർ ഭീഷണി അല്ലെങ്കിൽ അനുചിതമായ പെരുമാറ്റങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിലിന്റെ കീഴിലുള്ള ‘ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ’ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ ഓൺലൈൻ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ, അവർ ഉപയോഗിക്കുന്ന ഡിജിറ്റൽ ഭാഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടാകേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, യുഎഇയിൽ ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ 97 ശതമാനവും ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നു. ഇവരിൽ മൂന്നിലൊന്ന് കുട്ടികളെയും ഓൺലൈൻ വഴി അപരിചിതർ ബന്ധപ്പെട്ടിട്ടുണ്ട്.
- കുട്ടികൾ ഓൺലൈനിൽ ഉപയോഗിക്കുന്ന ചുരുക്കെഴുത്തുകൾ, തമാശകൾ, ട്രെൻഡുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടാകണം.
- ഇത്തരം വാക്കുകൾ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്താനോ, രക്ഷിതാക്കളിൽ നിന്ന് കാര്യങ്ങൾ മറച്ചുവെക്കാൻ പ്രേരിപ്പിക്കാനോ സാധ്യതയുണ്ട്.
- എങ്കിലും, എല്ലാ ഇമോജികളും അപകടകരമാണെന്ന് കരുതരുത്. സന്ദർഭത്തിനനുസരിച്ച് അർത്ഥം മാറാമെന്നതിനാൽ, കുട്ടികളുടെ പെരുമാറ്റത്തിലും മൊത്തത്തിലുള്ള സംഭാഷണങ്ങളിലും ശ്രദ്ധ ചെലുത്താനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
കുട്ടികളുടെ ഓൺലൈൻ ലോകത്തെ മനസ്സിലാക്കുകയാണ് സുരക്ഷയുടെ ആദ്യപടിയെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ. ഹനദി സലേ അൽ യാഫി പറഞ്ഞു. നമ്മൾ തിരിച്ചറിയാത്ത അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ല. അതിനായി അവരുടെ ഡിജിറ്റൽ ലോകത്തെക്കുറിച്ച് നമ്മൾ പഠിക്കണം, അവർ കൂട്ടിച്ചേർത്തു. അമിതമായ നിരീക്ഷണത്തിലൂടെ കുട്ടികളിൽ ഭയം ജനിപ്പിക്കുന്നതിന് പകരം, വിശ്വാസത്തിലൂടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടത്. എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ഭയപ്പെടാതെ രക്ഷിതാക്കളോട് പറയാൻ കുട്ടികൾക്ക് കഴിയുന്ന അന്തരീക്ഷം വീട്ടിൽ ഒരുക്കണം.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കുട്ടികൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളെക്കുറിച്ച് മനസ്സിലാക്കുക.
- വീഡിയോ ഗെയിമുകളുടെ ഏജ് റേറ്റിംഗുകൾ (Age ratings) കൃത്യമായി പരിശോധിക്കുക.
- ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് കുട്ടികളുമായി നിരന്തരം സംസാരിക്കുക.
- രഹസ്യാത്മകമായ സംഭാഷണങ്ങൾ, അപരിചിതരിൽ നിന്നുള്ള മോശം ഇടപെടലുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെടുക.
ഡിജിറ്റൽ സാക്ഷരത കുടുംബ ചർച്ചകളുടെ ഭാഗമാക്കണമെന്നും കുട്ടികൾ ചെലവഴിക്കുന്ന ഓൺലൈൻ ഇടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടാകണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t