അർധരാത്രി ആഘോഷം അതിരുവിട്ടു; സ്ത്രീ വേഷത്തിൽ നൃത്തം, മദ്യലഹരിയും ബഹളവും; കുവൈത്തിൽ പിടിയിലായത് ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേർ

കുവൈത്തിലെ തലസ്ഥാന ഗവർണറേറ്റിലുള്ള പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖരുടെ ബന്ധുക്കളുമടക്കം 17 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ ഹോട്ടലിൽനിന്ന് ഉയർന്ന ശബ്ദത്തിൽ സംഗീതം കേൾക്കുന്നതായും ബഹളമുണ്ടാകുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അറസ്റ്റിലായവരിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മുൻ പാർലമെന്റ് അംഗത്തിന്റെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

പരിശോധനയ്ക്കിടെ സ്ത്രീകളുടെ നൃത്തവസ്ത്രം ധരിച്ച അഞ്ച് പുരുഷന്മാരെയും അർധനഗ്നരായി നൃത്തം ചെയ്യുന്നവരെയും കണ്ടെത്തിയതായും വിവരമുണ്ട്. പിടിയിലായവരിൽ ഭൂരിഭാഗവും മദ്യലഹരിയിലോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പോലീസ് പരിശോധനയ്ക്കിടെ അഞ്ച് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരുടെ കുടുംബങ്ങളുടെ സ്വകാര്യതയും അന്തസ്സും പരിഗണിച്ച് പേരുവിവരങ്ങൾ പൂർണമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ എം.എസ്., എം.എൻ., ജെ.എ., എഫ്.ഡി., എ.ജി. തുടങ്ങിയ ആദ്യാക്ഷരങ്ങൾ ഉൾപ്പെട്ട പട്ടിക പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിലായ 17 പേരെയും തുടർനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (CID) കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version