ദാരുണാന്ത്യം; അമ്മമ്മ അടുക്കളയിൽ, വെള്ളം നിറച്ച പ്ലാസ്റ്റിക് ബേസിനിൽ വീണ് പിഞ്ചുകുഞ്ഞിന് മരണം

വീട്ടിലെ ചെറിയ അശ്രദ്ധ പോലും പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകാമെന്ന മുന്നറിയിപ്പുമായി ഷാർജയിൽ നിന്ന് ദാരുണ വാർത്ത. വീട്ടിലെ പ്ലാസ്റ്റിക് ബേസിനിൽ തലകീഴായി വീണ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. ബേസിനിൽ വളരെ കുറച്ച് വെള്ളം മാത്രമുണ്ടായിരുന്നിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ വലിയ ജലാശയങ്ങളോ സ്വിമ്മിങ് പൂളുകളോ ഇല്ലെങ്കിലും ബക്കറ്റ്, ബേസിൻ, ടബ് തുടങ്ങിയവയിലെ വെള്ളം കുട്ടികൾക്ക് അപകടമുണ്ടാക്കാമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫ്ലാറ്റിന്റെ പ്രധാന വാതിൽ അടച്ചിരുന്നതിനാൽ മക്കൾ സുരക്ഷിതരാണെന്നായിരുന്നു അമ്മയുടെ ധാരണ. മകൻ ലിവിങ് റൂമിൽ കാർട്ടൂൺ കാണുകയായിരുന്നു. ഇതിനിടെ ടെലിവിഷനിൽ അഞ്ച് മിനിറ്റ് പരസ്യ ഇടവേള വന്നപ്പോൾ അമ്മ മകളെ അന്വേഷിച്ചു.

കിടപ്പുമുറികളിലും വീട്ടിലെ മറ്റു ഭാഗങ്ങളിലും തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താനായില്ല. പുറത്തേക്ക് പോകാൻ വഴിയില്ലാത്തതിനാൽ കുട്ടി വീട്ടിനുള്ളിൽ തന്നെയുണ്ടാകുമെന്ന് കരുതിയ അമ്മ ഒടുവിൽ ലിവിങ് റൂമിനോട് ചേർന്നുള്ള ബാത്ത്റൂമിൽ പരിശോധിച്ചു. അവിടെയാണ് വസ്ത്രങ്ങൾ കഴുകുന്നതിനായി വെള്ളം നിറച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് ബേസിനിൽ മകളെ തലകീഴായി വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ബേസിനിൽ കാൽഭാഗത്തിൽ താഴെ മാത്രം വെള്ളമുണ്ടായിരുന്നുവെന്നാണ് വിവരം. ഉടൻ കുഞ്ഞിനെയുമെടുത്ത് അമ്മ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

നിശബ്ദമായി സംഭവിക്കാം മുങ്ങിമരണം

മുങ്ങിമരണം സംഭവിക്കുമ്പോൾ കുട്ടികൾ ഉറക്കെ നിലവിളിക്കുകയോ കൈകാലിട്ടടിച്ച് ബഹളംവെക്കുകയോ ചെയ്യുമെന്നത് തെറ്റായ ധാരണയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥനായ അൽ ദബ മുന്നറിയിപ്പ് നൽകുന്നു. മുഖം വെള്ളത്തിൽ മുങ്ങിയാൽ കുഞ്ഞുങ്ങൾക്ക് തലയുയർത്താനോ സഹായത്തിനായി നിലവിളിക്കാനോ കഴിയാതെ വരാം. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വെള്ളം നിറച്ച പാത്രങ്ങൾ ഒഴിവാക്കുക: ബക്കറ്റ്, ബേസിൻ, ടബ് തുടങ്ങിയവയിൽ വെള്ളം നിറച്ചുവെക്കരുത്. ഉപയോഗശേഷം ഉടൻ വെള്ളം ഒഴിച്ചുകളയുക.
  • ബാത്ത്റൂം സുരക്ഷിതമാക്കുക: ഉപയോഗിക്കാത്ത സമയങ്ങളിൽ ബാത്ത്റൂമിന്റെ വാതിൽ അടച്ചിടുകയും കുട്ടികൾക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുക.
  • കുട്ടികളെ ഒറ്റയ്ക്ക് വിടരുത്: വീട്ടിനുള്ളിലാണെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധ ഉറപ്പാക്കണം.
  • ചെറിയ അളവിലുള്ള വെള്ളത്തെയും നിസ്സാരമായി കാണരുത്: ആഴം കുറഞ്ഞ വെള്ളം പോലും പിഞ്ചുകുഞ്ഞുങ്ങൾക്ക് അപകടകരമാകാം.

കുട്ടികൾ വീട്ടിനുള്ളിൽ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ ചെറിയൊരു നിമിഷം ശ്രദ്ധ മാറുന്നതുപോലും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം. അതിനാൽ വെള്ളവുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും മുൻകൂട്ടി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *