Saudi Aramco attack; സംഘർഷം രൂക്ഷമാകുന്നു; സൗദി അരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണം, ജാ​ഗ്രത നിർ​ദ്ദേശം

Saudi Aramco attack; സൗദി അറേബ്യയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടയിൽ, കിഴക്കൻ നഗരമായ ദഹ്‌റാനിലെ സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ചൊവ്വാഴ്ച ബാലസ്റ്റിക് മിസൈലാക്രമണം ഉണ്ടായതായി സൗദി ഊർജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്‌പി‌എ (SPA) റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കെട്ടിടത്തിന് ചെറിയ തീപിടുത്തം ഉണ്ടായെങ്കിലും ആളപായമില്ല. ദഹ്‌റാനിലെ സമുച്ചയത്തിലുള്ള ഒരു ഓഫീസ് ടവറിന്റെ മുകൾഭാഗത്തെ മൂന്ന് നിലകൾക്ക് മിസൈൽ പതിച്ച് കേടുപാടുകൾ സംഭവിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയും സൗദി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുമായ അരാംകോയുടെ പ്രധാന ഓപ്പറേഷൻസ് സെന്റർ സ്ഥിതി ചെയ്യുന്നത് ഈ സമുച്ചയത്തിലാണ്. കരയിലും കടലിലുമുള്ള എണ്ണപ്പാടങ്ങൾ, പൈപ്പ്‌ലൈനുകൾ, റിഫൈനറികൾ, കയറ്റുമതി ടർമിനലുകൾ എന്നിവയുടെ വിപുലമായ ശൃംഖല നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. ദഹ്‌റാനിൽ വെച്ച് തകർത്തെറിഞ്ഞ മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലാണ് പതിച്ചതെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. റിയാദിനും രാജ്യത്തിന്റെ തെക്കൻ മേഖലയ്ക്കും മുകളിൽ ഡ്രോണുകളും മിസൈലുകളും തടഞ്ഞിട്ടതായും അധികൃതർ അറിയിച്ചു.

രാജ്യത്തിനുനേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന ഹൂതികൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. തലസ്ഥാനത്തെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൗദി ലക്ഷ്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. റിയാദ് വിമാനത്താവളത്തിലുണ്ടായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു ദശാത്തിനിടെ സൗദി അറേബ്യയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. രാജ്യത്ത് വലിയൊരു ഊർജ സമ്മേളനം നടക്കുമ്പോൾ തന്നെ തുടർച്ചയായ ആക്രമണങ്ങൾ വ്യോമഗതാഗതത്തെയും ബാധിച്ചു. ദഹ്‌റാൻ ആക്രമണത്തിന് തൊട്ടുമുമ്പ്, യെമൻ തലസ്ഥാനമായ സനയിലെ സൗദി സഖ്യസേനയുടെ ആക്രമണങ്ങൾക്ക് കനത്ത മറുപടി നൽകുമെന്ന് ഹൂതി വക്താവ് യഹ്യ സരിയ മുന്നറിയിപ്പ് നൽകിയിരുന്നു. ദഹ്‌റാനിലെ അരാംകോ ആസ്ഥാനവും റിയാദിലെ എണ്ണ റിഫൈനറിയും തങ്ങളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗദിയിലെ എണ്ണ തൊഴിലാളികൾ അപകടസാധ്യതയുള്ള സെയ്റ്റുകളിൽ നിന്ന് മാറിനിൽക്കാനും ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ചെങ്കടൽ തീരത്തുകൂടി തന്ത്രപ്രധാനമായ ബാബ് എൽ-മന്ദബ് കടലിടുക്കിലേക്ക് ഹൂതികൾ നടത്തിയ മുന്നേറ്റത്തെ തുടർന്ന്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെ പിന്തുണയ്ക്കാനാണ് സൗദി അറേബ്യ യെമനിൽ വീണ്ടും സൈനിക നടപടി ആരംഭിച്ചത്. ഫെബ്രുവരിയിൽ വ്യാപകമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ സൗദിയുടെയും ആഗോള ഊർജ കയറ്റുമതിയുടെയും കാര്യത്തിൽ ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ഈ ജലപാതയ്ക്ക് പ്രാധാന്യം കൂടിയിട്ടുണ്ട്. പേർഷ്യൻ ഗൾഫിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെയാണ് ബദൽ സമുദ്രപാതകളുടെ പ്രാധാന്യം വർധിച്ചത്. ബാബ് എൽ-മന്ദബ് മേഖലയിൽ നിന്ന് ഹൂതികളെ തുരത്താൻ ഒരാഴ്ച മുമ്പ് സർക്കാർ സൈനിക ഓപ്പറേഷൻ ആരംഭിച്ചിരുന്നു. എങ്കിലും വിമതർ ഇപ്പോഴും ആ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സനയിൽ സൗദി അറേബ്യ ആക്രമണം നടത്തുന്നതായി ചൊവ്വാഴ്ച ഹൂതികൾ ആരോപിച്ചു. യെമൻ പെട്രോളിയം കമ്പനിയുടെ സനയ്ക്കടുത്തുള്ള ഇന്ധന ഡിപ്പോയ്ക്ക് നേരെ സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികളുടെ അൽ-മസിറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സൗദിക്കും അന്താരാഷ്ട്ര ജലപാതകൾക്കും എതിരെയുള്ള ഹൂതികളുടെ ഭീഷണി തടയുക ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങളെന്ന് സഖ്യസേന വ്യക്തമാക്കി. ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യ സഖ്യകക്ഷികളുടെ ശക്തമായ പിന്തുണ തേടുന്നുണ്ട്. എന്നാൽ ഹൂതികൾക്കെതിരെയുള്ള സംഘർഷത്തിലേക്ക് നേരിട്ട് ഇറങ്ങാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്‌-ഇറാൻ യുദ്ധത്തിന്റെ തുടർച്ചയായാണ് ഈ പുതിയ സംഘർഷങ്ങളെല്ലാം അരങ്ങേറുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version