
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ഡ്രോൺ/മിസൈൽ ആക്രമണത്തിൽ പാലക്കാട് സ്വദേശിയായ മലയാളി യുവാവിന് പരുക്കേറ്റു. ആലത്തൂർ കാവശ്ശേരി സ്വദേശി മുഹമ്മദ് റബാനി (33) ആണ് ജോലി സ്ഥലത്തുവെച്ച് ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഈ മാസം 23-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉണ്ടായ അപകടം കുടുംബത്തെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മൂന്ന് വർഷം മുൻപാണ് ജോലി തേടി റബാനി റിയാദിലെത്തിയത്. കഴിഞ്ഞ വർഷം അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം ഇത്തവണയും മടങ്ങിവരാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റും എടുത്ത് നാട്ടിലേക്ക് വരാൻ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
ഞായറാഴ്ച റബാനിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ ആശങ്കയിലായ കുടുംബാംഗങ്ങൾ റിയാദിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് റഫീക്കിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് റബാനിക്ക് അപകടത്തിൽ പരുക്കേറ്റ വിവരം വീട്ടുകാർ അറിയുന്നത്.
നിലവിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റബാനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് കുടുംബം. സാധാരണ കുടുംബത്തിൽപ്പെട്ട റബാനിയുടെ പിതാവ് പെയിന്റിങ് തൊഴിലാളിയാണ്. പ്രവാസിയായ മകന് പരുക്കേറ്റെന്ന വാർത്ത കുടുംബത്തെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവന്റെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.