
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻ സമ്മാനത്തുക സ്വന്തമാക്കി അഞ്ച് ഇന്ത്യൻ പ്രവാസികൾ. സീരീസ് 291-ലെ നറുക്കെടുപ്പിലൂടെ യു.എ.ഇയിലും ഒമാനിലുമായി കഴിയുന്ന അഞ്ച് ഇന്ത്യക്കാർക്ക് ആകെ 19.5 ലക്ഷം ദിർഹമാണ് (ഏകദേശം അഞ്ച് കോടിയിലധികം രൂപ) സമ്മാനമായി ലഭിച്ചത്. വിജയികളിൽ രണ്ട് മലയാളികളും ഉൾപ്പെട്ടത് കേരളത്തിലെ പ്രവാസികൾക്ക് സന്തോഷമായി.
ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അജിത് കുമാർ വണ്ണാറത്ത് (54) ആണ് സമ്മാനം നേടിയ മലയാളികളിൽ ഒരാൾ. 2.5 ലക്ഷം ദിർഹമാണ് (ഏകദേശം 65 ലക്ഷത്തിലധികം രൂപ) അജിത് കുമാറിനും സുഹൃത്തുക്കൾക്കും ലഭിച്ചത്. കഴിഞ്ഞ പത്തുവർഷമായി ഒമാനിൽ താമസിക്കുന്ന അജിത്, പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് പതിവായി ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. പ്രത്യേക നമ്പറുകളൊന്നും തിരഞ്ഞെടുക്കാതെയെടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ ഭാഗ്യം ഇവരെ തേടിയെത്തിയത്.
ലഭിച്ച സമ്മാനത്തുക പത്തുപേരും തുല്യമായി പങ്കിടാനാണ് തീരുമാനം. തന്റെ വിഹിതം എങ്ങനെ വിനിയോഗിക്കണമെന്ന് അജിത് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ, വർഷങ്ങളായി സുഹൃത്തുക്കൾ ഒരുമിച്ച് നടത്തിയ ഭാഗ്യപരീക്ഷണത്തിന് ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംഘം.
സമ്മാനനേട്ടത്തിലൂടെ ശ്രദ്ധേയനായ മറ്റൊരു മലയാളി അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന എൻജിനീയർ സി. മുഹമ്മദ് ഇജാസാണ്. ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചുതുടങ്ങിയിട്ട് ആറുമാസം മാത്രമായ ഇജാസിനും സുഹൃത്തുക്കൾക്കും ഇതിനകം വലിയ നേട്ടം കൈവരിക്കാനായി.
മകന്റെ ജനനത്തീയതിയും ജനനവർഷവും ചേർത്തുണ്ടാക്കിയ നമ്പറാണ് ഇജാസ് ടിക്കറ്റിനായി തിരഞ്ഞെടുത്തത്. പത്തുപേരടങ്ങുന്ന സംഘത്തിന് ലഭിച്ച സമ്മാനത്തുക എല്ലാവരും ചേർന്ന് പങ്കിടും. തന്റെ വിഹിതം മുഴുവനായും മകന്റെ ഭാവി ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് ഇജാസിന്റെ തീരുമാനം. പ്രവാസജീവിതത്തിനിടയിലെ ചെറിയൊരു ഭാഗ്യപരീക്ഷണം വലിയ സന്തോഷമായി മാറിയതിന്റെ ആവേശത്തിലാണ് വിജയികളും അവരുടെ സുഹൃത്തുക്കളും.