
വിമാനം ലാൻഡ് ചെയ്തിട്ടും പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറിലേറെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ. എസിയും വെളിച്ചവും നിലച്ചതോടെ സ്ഥിതി വഷളായി. ഒടുവിൽ വിമാനത്തിന്റെ വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി രംഗത്തെത്തിയതോടെ ക്യാബിനിൽ സംഘർഷാവസ്ഥയുണ്ടായി. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തിൽ ഫ്രോണ്ടിയർ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ന്യൂ ഓർലീൻസിൽ നിന്ന് എത്തിയ എയർബസ് എ321 വിമാനത്തിൽ നിന്ന് യാത്രക്കാരെ ടെർമിനലിലേക്ക് എത്തിക്കുന്ന ജെറ്റ് ബ്രിഡ്ജിന് തകരാർ സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.
വിമാനം ഗേറ്റിലെത്തിയതിനെ തുടർന്ന് എൻജിനുകൾ ഓഫ് ചെയ്തതോടെ ക്യാബിനിലെ എസിയും ലൈറ്റുകളും പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. വെള്ളവും ആവശ്യമായ വായുസഞ്ചാരവും ലഭിക്കാതെ യാത്രക്കാർ ഏറെ നേരം ബുദ്ധിമുട്ടിയതായും ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി ബഹളംവെച്ചു. വാതിൽ തുറക്കാൻ ശ്രമിക്കുന്നതായി തോന്നിയ യുവതിയെ ക്യാബിൻ ക്രൂ അംഗം തടയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുവതിയെ പിന്തുണച്ച് മറ്റ് യാത്രക്കാരും രംഗത്തെത്തിയതോടെ വാക്കേറ്റം രൂക്ഷമായി.
ഗേറ്റിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്രക്കാരെ പുറത്തിറക്കാൻ വൈകിയതെന്ന് വിമാനക്കമ്പനി പ്രതികരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യത്തിലും ബുദ്ധിമുട്ടിലും കമ്പനി ഖേദം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടും പുറത്തിറങ്ങാൻ കഴിയാതെ വന്നതും ക്യാബിനിലെ സൗകര്യങ്ങൾ നിലച്ചതും വിമാനക്കമ്പനിയുടെ നടപടികളെക്കുറിച്ച് വിമർശനങ്ങൾക്ക് ഇടയാക്കി.