
കുവൈത്തിലെ അബു ഹലീഫയിൽ കഫേയ്ക്ക് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന യുവാക്കൾക്ക് നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയതായി പരാതി. സംഭവത്തിൽ 13, 14 വയസ്സുള്ള കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലയിലും മുഖത്തും കൈകളിലുമാണ് പരിക്കുകൾ.
സ്വർണനിറത്തിലുള്ള ജർമ്മൻ നിർമ്മിത കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കഫേയ്ക്ക് മുന്നിൽ യുവാക്കൾ സംസാരിച്ചുനിൽക്കുന്നതിനിടെ കാറിലെത്തിയ സംഘം പ്രകോപനമില്ലാതെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റം രൂക്ഷമാവുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ലുണ്ടായി.
ആക്രമണത്തിൽ 19 വയസ്സുള്ള കുവൈത്തി യുവാവിന് ശരീരമാസകലം പരിക്കേറ്റു. 14 വയസ്സുകാരന്റെ ഇടതുചെവിക്ക് ഗുരുതരമായി പരിക്കേറ്റതിനൊപ്പം മുഖത്ത് ആഴത്തിലുള്ള പോറലുകളും ചതവുകളും ഉണ്ടായി. 13 വയസ്സുകാരന്റെ വലതുകൈയിലും വീക്കവും ശക്തമായ ചതവും റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. തുടർന്ന് വൈദ്യപരിശോധനാ റിപ്പോർട്ടുകളുമായി ഇവർ അബു ഹലീഫ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകി. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, ഇവർ സഞ്ചരിച്ച സ്വർണനിറത്തിലുള്ള ജർമ്മൻ കാറിന്റെ വിവരങ്ങളും ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച സൂചനകളും കേന്ദ്രീകരിച്ചാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തുന്നത്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.