
ദുബായിലെ ഷെയേർഡ് ഹൗസിങ് സംവിധാനത്തിന് കൂടുതൽ കൃത്യമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. 2026ലെ നാലാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർമാണ-പ്ലാനിങ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നിയമം പ്രാബല്യത്തിൽ വന്ന സെപ്റ്റംബർ 8 മുതൽ നിലവിലുള്ള കെട്ടിട ഉടമകൾക്കും കമ്പനികൾക്കും ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. 2027 സെപ്റ്റംബർ 8 വരെയാണ് ഇതിനുള്ള സമയപരിധി.
താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അമിത ജനസാന്ദ്രത മൂലമുള്ള തിരക്ക് കുറയ്ക്കുന്നതിനും കൂടുതൽ സുരക്ഷിതമായ താമസ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങൾ ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിങ് റെഗുലേഷൻ ആൻഡ് പർമിറ്റ്സ് ഏജൻസി സിഇഒ മർയം അൽ മുഹൈരി വ്യക്തമാക്കി.
അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാത്ത്, അൽ റിഗ്ഗ എന്നിവ ഉൾപ്പെടെ 44-ലധികം പ്രധാന മേഖലകളിൽ നിലവിൽ ഷെയേർഡ് ഹൗസിങ്ങിന് അനുമതിയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളുടെ പട്ടിക പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ചട്ടപ്രകാരം ഒരു അപ്പാർട്ട്മെന്റ് ബാച്ചിലർ താമസത്തിനോ ഫാമിലി ഷെയറിങ്ങിനോ മാത്രമായി അനുവദിക്കണം. ബാച്ചിലർ താമസത്തിന് ഒരാൾക്ക് കുറഞ്ഞത് 5 ചതുരശ്ര മീറ്റർ വിസ്തീർണം നിർബന്ധമാണ്. ഫാമിലി ഷെയറിങ്ങിൽ ഓരോ കുടുംബത്തിനും അറ്റാച്ച്ഡ് ബാത്ത്റൂം ഉൾപ്പെടുന്ന പ്രത്യേക മുറി ഒരുക്കണം.
അടുക്കള, ഡൈനിങ് ഏരിയ, അലക്കാനുള്ള സൗകര്യം തുടങ്ങിയവ ദുബായ് ബിൽഡിങ് കോഡിലെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സജ്ജീകരിക്കേണ്ടത്. എന്നാൽ ലേബർ ക്യാമ്പുകൾക്ക് പ്രത്യേക നിയമങ്ങൾ നിലവിലുള്ളതിനാൽ ഈ മാർഗനിർദേശങ്ങൾ അവയ്ക്ക് ബാധകമല്ല.
ദുബായ് സിവിൽ ഡിഫൻസിന്റെയും സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങളും സിസിടിവി നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കിയ ശേഷമായിരിക്കും വാടകക്കരാറുകൾക്കും പെർമിറ്റുകൾക്കും അംഗീകാരം നൽകുക.
കെട്ടിട ഉടമകൾക്കും ഏജൻസികൾക്കും ‘ബിൽഡ് ഇൻ ദുബായ്’ പോർട്ടൽ വഴി ഷെയേർഡ് ഹൗസിങ് പെർമിറ്റിന് അപേക്ഷിക്കാനും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാനും സാധിക്കും. അതേസമയം, അനുമതിയില്ലാതെ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം നടത്തിയതോ ആയ കെട്ടിടങ്ങൾക്ക് ഒരു വർഷത്തെ സാവകാശം ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സുരക്ഷാ വീഴ്ചകൾ ഉടൻ പരിഹരിക്കണമെന്നും മുന്നറിയിപ്പ് നൽകി.