
യുഎഇയിൽ ബാങ്ക് വായ്പക്കാർക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക ആശ്വാസമേകി സെൻട്രൽ ബാങ്കിന്റെ നടപടി. ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ 1,55,970 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ആകെ 15.9 ബില്യൺ ദിർഹത്തിന്റെ വായ്പാ ആനുകൂല്യങ്ങളാണ് അനുവദിച്ചത്. ഏകദേശം 4.33 ബില്യൺ ഡോളറിന് തുല്യമായ തുകയാണിത്.
യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വ്യക്തിഗത വായ്പക്കാർക്കും ചെറുകിട സംരംഭങ്ങൾക്കും കമ്പനികൾക്കുമാണ് പദ്ധതിയിലൂടെ പ്രധാനമായും ആശ്വാസം ലഭിച്ചത്.
കണക്കുകൾ പ്രകാരം, 1,48,681 വ്യക്തികൾക്ക് 2.3 ബില്യൺ ദിർഹത്തിന്റെ വായ്പാ തിരിച്ചടവ് ഇളവുകൾ അനുവദിച്ചു. 6,441 സ്ഥാപനങ്ങളുടെ വായ്പാ തിരിച്ചടവുകൾക്കായി 2.9 ബില്യൺ ദിർഹത്തിന്റെ ഇളവുകളും നൽകി. ഇതിനു പുറമെ, 849 കമ്പനികൾക്ക് 10.7 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക പിന്തുണയും ലഭിച്ചു.
തിരിച്ചടവ് കാലാവധി നീട്ടിനൽകിയതിനൊപ്പം വായ്പാ ഇളവുകളുമായി ബന്ധപ്പെട്ട ബാങ്ക് കമ്മീഷനുകളും മറ്റ് ഫീസുകളും പൂർണമായും ഒഴിവാക്കിയെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം.
പ്രാദേശികമായി ഉയർന്നുവന്ന അടിയന്തര സാഹചര്യങ്ങളും സാമ്പത്തിക വെല്ലുവിളികളും നേരിടാൻ സഹായിക്കുന്നതിനായി മാർച്ചിലാണ് യുഎഇ സെൻട്രൽ ബാങ്ക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെസിലിയൻസ് പാക്കേജ് (FIRP) പ്രഖ്യാപിച്ചത്. സാമ്പത്തിക മേഖലയിലെ സ്ഥിരത ഉറപ്പാക്കുക, ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കുക, വായ്പക്കാർക്ക് തിരിച്ചടവ് സമ്മർദം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പദ്ധതിയിലൂടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലഭിച്ച ആനുകൂല്യങ്ങൾ യുഎഇയിലെ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ. പ്രവാസികൾക്കും പ്രാദേശിക സംരംഭകർക്കും സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കുന്ന നടപടിയായും ഇത് മാറുന്നു.