
നഗരത്തിലെ വിലാസ സംവിധാനത്തിൽ വലിയ മാറ്റത്തിനൊരുങ്ങി ദുബൈ. തെരുവ് ബോർഡുകൾ, പ്രദേശങ്ങളുടെ അടയാളങ്ങൾ, കെട്ടിട നമ്പർ പ്ലേറ്റുകൾ എന്നിവയ്ക്ക് പുതിയ രൂപം നൽകുന്നതിനൊപ്പം ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തുന്ന പദ്ധതിക്കാണ് അധികൃതർ തുടക്കമിടുന്നത്. 2030ഓടെ നഗരത്തിലെ 186 മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിംഗ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), ദുബൈ മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പുതിയ വിലാസ സംവിധാനം നടപ്പാക്കുന്നത്. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതിനായി വ്യത്യസ്ത നിറങ്ങളും പുതിയ ഡിസൈനുകളും ബോർഡുകളിൽ ഉപയോഗിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അൽ ഖവാനീജ് 1, സാബീൽ 1, സാബീൽ 2, നാദ് അൽ ഷെബ, നസ്വ എന്നീ അഞ്ച് മേഖലകളിലായി 2,000ലേറെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. നഗരവികസനം, ജനസാന്ദ്രത, താമസ-വിനോദസഞ്ചാര മേഖലകളുടെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് ആദ്യഘട്ട പ്രദേശങ്ങൾ തിരഞ്ഞെടുത്തത്. പുതിയ കെട്ടിട നമ്പർ പ്ലേറ്റുകളിൽ ഓരോ കെട്ടിടത്തിന്റെയും ഔദ്യോഗിക ‘മകാനി’ നമ്പറിനൊപ്പം ക്യുആർ കോഡും ഉൾപ്പെടുത്തും. ഇത് സ്കാൻ ചെയ്യുന്നതിലൂടെ കെട്ടിടത്തിന്റെ സ്ഥാനം മാത്രമല്ല, പ്രദേശത്തിന്റെ ചരിത്രം, തെരുവിന്റെ പേരിന് പിന്നിലെ വിവരങ്ങൾ, സമീപത്തെ പ്രധാന കേന്ദ്രങ്ങൾ തുടങ്ങിയവയും ഡിജിറ്റൽ മാപ്പിംഗ് സംവിധാനത്തിലൂടെ അറിയാൻ കഴിയും. ഭാവിയിൽ ബസ് സ്റ്റോപ്പുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഏരിയ മാപ്പ് ബോർഡുകൾ തുടങ്ങിയവയിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ദുബൈയുടെ വിലാസ സംവിധാനത്തെ കൂടുതൽ സ്മാർട്ടും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാക്കുകയാണ് ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t