‘ലിങ്ക്സ്’ ഇനി ഇല്ല; കുവൈത്തിൽ ഡിജിറ്റൽ പണമിടപാടിന് ‘ഇനി ഇത്….

കുവൈത്തിൽ വ്യക്തികൾ തമ്മിൽ പണം കൈമാറാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്ക് സേവനമായ ‘ലിങ്ക്സ്’ (Links) ഘട്ടംഘട്ടമായി നിർത്തലാക്കാൻ ബാങ്കുകൾ ഒരുങ്ങുന്നു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം ‘കെനെറ്റ്’ കമ്പനിയുമായി സഹകരിച്ചാണ് സേവനം അവസാനിപ്പിക്കുന്നത്. 2015 മുതൽ കുവൈത്തിലെ പ്രാദേശിക ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരുന്ന ‘ലിങ്ക്സ്’ സേവനം ഉടൻ തന്നെ ഘട്ടംഘട്ടമായി പിൻവലിക്കും. സേവനം പൂർണമായും അവസാനിപ്പിക്കുന്ന തീയതി സെൻട്രൽ ബാങ്ക് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഓൺലൈൻ പണമിടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് നടപടി. പേയ്‌മെന്റ് ലിങ്കുകൾ ഒന്നിലധികം ആളുകളുമായി എളുപ്പത്തിൽ പങ്കിടാൻ കഴിയുന്നതിനാൽ വ്യാജ ഇടപാടുകൾക്കും അനധികൃത പണമിടപാടുകൾക്കും ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പണം സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന കൂടുതൽ സുരക്ഷിതമായ സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യം. ‘ലിങ്ക്സ്’ സേവനത്തിന് പകരമായി കുവൈത്തിന്റെ ഔദ്യോഗിക തൽസമയ പണമിടപാട് സംവിധാനമായ ‘വാംദ്’ (Wamd) ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും.

പുതിയ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ബാങ്കുകളും കെനെറ്റും സംയുക്തമായി ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തും. സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ക്യാമ്പയിന് തുടക്കമിടുക. നിലവിൽ ‘ലിങ്ക്സ്’ വഴി നടത്തുന്ന ഇടപാടുകളുടെ സേവനച്ചെലവ് ബാങ്കുകൾ തമ്മിലുള്ള ഇന്റർബാങ്ക് ക്ലിയറിംഗ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version