ഒരു നിമിഷത്തെ അശ്രദ്ധ… വൻ അപകടം! കിണറ്റിൽ വീണ കുട്ടിക്കും വീട്ടുജോലിക്കാരിക്കും രക്ഷകരായി യുഎഇ സിവിൽ ഡിഫൻസ്

വീടിനുള്ളിലെ കിണറ്റിൽ വീണ കുട്ടിയെയും വീട്ടുജോലിക്കാരിയെയും രക്ഷപ്പെടുത്തി ഫുജൈറ സിവിൽ ഡിഫൻസ്. സംഭവത്തിന് പിന്നാലെ കുടുംബത്തെ സന്ദർശിച്ച ഉദ്യോഗസ്ഥർ ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തേടി. ഫുജൈറ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റാബി അൽ ഹമൂദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എമിറാത്തി കുടുംബത്തിന്റെ വീട്ടിലെത്തിയത്. കിണറ്റിൽ വീണ കുട്ടിയുടെ ആരോഗ്യനില ഉദ്യോഗസ്ഥർ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റ വീട്ടുജോലിക്കാരി ഫുജൈറ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയും ഉദ്യോഗസ്ഥർ അന്വേഷിച്ചു. ഇരുവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സിവിൽ ഡിഫൻസ് സംഘം ആശംസിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ വീടുകൾ, ഫാമുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ സുരക്ഷിതമാക്കണമെന്ന് സിവിൽ ഡിഫൻസ് അടിയന്തര നിർദേശം നൽകി.

കിണറുകൾ ശക്തമായ മൂടികൾ ഉപയോഗിച്ച് സുരക്ഷിതമായി അടയ്ക്കണം. കിണറുകൾക്ക് ചുറ്റും ആവശ്യമായ തടസ്സങ്ങളും വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് കുട്ടികൾ എത്തുന്ന ഇടങ്ങളിൽ കിണറുകൾ തുറന്ന നിലയിൽ ഇടരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കാമെന്നും ജീവൻ സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് സ്വത്തുടമകളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version