വിമാനം തകർക്കാൻ കോക്പൈലറ്റിന്റെ നീക്കം? ഞെട്ടിക്കുന്ന കണ്ടെത്തൽ; ഫ്ലൈദുബായ് സംഭവം ഭീകരാക്രമണ ശ്രമമെന്ന് യുഎഇ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പുതിയ വഴിത്തിരിവ്. കോപൈലറ്റ് നടത്തിയ നീക്കം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി അറിയിച്ചു. ഫ്ലൈദുബായ് എഫ്ഇസെഡ് 1073 വിമാനത്തിനുള്ളിൽ കോപൈലറ്റ് കോക്പിറ്റിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഇടപെട്ടാണ് ആക്രമണകാരിയെ നിയന്ത്രണവിധേയനാക്കിയത്. സംഭവത്തിന് പിന്നിലെ പൂർണമായ സാഹചര്യങ്ങൾ, ആക്രമണത്തിന്റെ ലക്ഷ്യം, പിന്നിലുള്ള മറ്റ് കണ്ണികളോ ബന്ധങ്ങളോ സംബന്ധിച്ച് അന്വേഷണം ഇപ്പോഴും തുടരുകയാണ്. സാങ്കേതിക പരിശോധനകൾക്കൊപ്പം ഡിജിറ്റൽ, ഭൗതിക തെളിവുകളും അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ ഔദ്യോഗികമായി ഇത് സുരക്ഷാ സംഭവമെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്; എന്നാൽ ഇപ്പോൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരാക്രമണ ശ്രമമെന്ന നിർണായക സ്ഥിരീകരണം വന്നിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version