Insect in super market product: പ്രാണിയെ കണ്ടത് വിഡിയോ എടുത്തു, ഉപഭോക്താവിനെതിരെ കേസ് ഫയൽ ചെയ്ത സ്ഥാപനത്തിന് യുഎഇ കോടതിയിൽ എട്ടിന്‍റെ പണി

Insect in super market product അബുദാബി: സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഉൽപ്പന്നത്തിൽ പ്രാണികളെ കണ്ടെത്തിയത് മൊബൈൽ ഫോണിൽ പകർത്തി അധികൃതർക്ക് പരാതിയായി നൽകിയ ഉപഭോക്താവിനെതിരെ സ്ഥാപനം നൽകിയ അപകീർത്തി കേസ് യുഎഇ ഫെഡറൽ സുപ്രീം കോടതി തള്ളി. പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന നിയമലംഘനങ്ങൾ ക്യാമറയിൽ പകർത്തി തെളിവ് സഹിതം സർക്കാർ അധികാരികൾക്ക് നൽകുന്നത് കുറ്റകൃത്യമല്ലെന്ന് വ്യക്തമാക്കുന്ന ചരിത്രപ്രധാനമായ വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. ദുരുദ്ദേശ്യത്തോടെയോ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയോ അല്ല വിഡിയോ പകർത്തിയത് എങ്കിൽ ഇതിന്റെ പേരിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിലാണ് ഉപഭോക്താവ് വിഡിയോ പകർത്തി അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് അയച്ചുകൊടുത്തത്. എന്നാൽ, സ്ഥാപനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സൂപ്പർമാർക്കറ്റ് മാനേജ്‌മെന്റ് ഇയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. പരാതിക്കാരനായ ഉപഭോക്താവിൽ കുറ്റമൊന്നും കണ്ടെത്തിയില്ല, ഇയാളെ പൂർണ്ണമായും വെറുതെവിട്ടു. കീഴ്‌ക്കോടതി വിധി റദ്ദാക്കി ഉപഭോക്താവിന് 3,000 ദിർഹം പിഴ ചുമത്തുകയും വിഡിയോ എടുത്ത ഫോൺ കണ്ടുകെട്ടാനും ഉത്തരവിട്ടു. കേസ് പുനഃപരിശോധിച്ച സുപ്രീം കോടതി, സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ക്രിമിനൽ ഉദ്ദേശം തെളിയിക്കാൻ സൂപ്പർമാർക്കറ്റ് മാനേജ്‌മെന്റിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ കോടതി വിധി റദ്ദാക്കുകയും ഉപഭോക്താവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version