Etihad Rail Dubai Metro Link ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള ഗതാഗത ശീലങ്ങളെയും യാത്രാ സംസ്‌കാരത്തെയും ആകെ മാറ്റിമറിക്കാൻ ഇത്തിഹാദ് റെയിലിന് (Etihad Rail) സാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ ട്രെയിൻ സർവീസിന്റെ ദീർഘകാല വിജയം, സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ‘തുടർയാത്രാ സൗകര്യങ്ങളെ’ ആശ്രയിച്ചിരിക്കുമെന്ന് ഗതാഗത രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. സെപ്റ്റംബർ 30 മുതലാണ് ദുബായിക്കും അബുദാബിക്കും ഇടയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. റോഡ് മാർഗ്ഗം സ്വകാര്യ വാഹനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഈ പുതിയ യാത്രാമാർഗ്ഗം വൻ ആശ്വാസമാണ് നൽകുന്നത്. ദുബായിലെ അൽ യലായിസ് സ്റ്റേഷനെയും അബുദാബിയെയുമാണ് ഈ സർവീസ് പ്രധാനമായും ബന്ധിപ്പിക്കുന്നത്. നേരത്തെ ജൂണിൽ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള പാസഞ്ചർ റൂട്ടും തുറന്നുകൊടുത്തിരുന്നു. എമിറേറ്റുകൾക്കിടയിലെ യാത്രാ ആവശ്യങ്ങൾക്ക് ഇത്തിഹാദ് റെയിൽ മികച്ചൊരു പൊതുഗതാഗത ബദലാണെന്ന് അറ്റ്കിൻസ് റിയാലിസ് മിഡിൽ ഈസ്റ്റ് റോഡ് ആൻഡ് റെയിൽ വിഭാഗം സീനിയർ ഡയറക്ടർ റോജർ ക്രൂക്ക്ഷാങ്ക് ചൂണ്ടിക്കാട്ടി. എന്നാൽ ആളുകൾ ഇതിനെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെങ്കിൽ നഗരങ്ങൾക്കിടയിലെ ട്രെയിൻ സർവീസ് മാത്രം പോരെന്നും അദ്ദേഹം വ്യക്തമാക്കി. “ഓരോ നഗരത്തിനകത്തുമുള്ള നിലവിലുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി റെയിൽവേ ശൃംഖല എത്രത്തോളം കൃത്യമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതിലാണ് ഇതിന്റെ യഥാർത്ഥ വിജയം ഇരിക്കുന്നത്,” റോജർ അഭിപ്രായപ്പെട്ടു. ദുബായിലെ അൽ യലായിസ് സ്റ്റേഷൻ ഇതിനൊരു മികച്ച മാതൃകയാണ്. ഒരു കാൽനടപ്പാലം വഴി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വഴി യാത്രക്കാർക്ക് മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ ദുബായ് മെട്രോ റെഡ് ലൈനിലേക്ക് മാറി കയറി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുഗമമായി സഞ്ചരിക്കാനാകും. ട്രെയിനിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള ബസുകളിലേക്കും മെട്രോകളിലേക്കും എളുപ്പത്തിൽ മാറി കയറാനുള്ള സൗകര്യമാണ് ഇത്തിഹാദ് റെയിലിനെ വെറുമൊരു റെയിൽവേ സർവീസിന് അപ്പുറം രാജ്യത്തിന്റെ പൊതുഗതാഗത ശൃംഖലയുടെ പ്രധാന കണ്ണിയാക്കുന്നത്. വ്യത്യസ്ത ഗതാഗത മാർഗ്ഗങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇത്തരമൊരു സമഗ്ര സംവിധാനം നിലവിൽ വരുന്നത്, യുഎഇയിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ രീതികൾക്ക് വലിയ കരുത്തേകും.
Home
UAE
Etihad Rail Dubai Metro Link: യുഎഇ യാത്രാ മേഖലയിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; മെട്രോ, ബസ് ശൃംഖലകളുമായുള്ള ഏകോപനം വഴിത്തിരിവാകും
Related Posts
