പല്ലുകൾ ഒടിഞ്ഞു, നാവിൽ ആഴത്തിലുള്ള മുറിവ്; ഭർത്താവിന്റെ ക്രൂര മർദനം, ഭാര്യയ്ക്ക് നഷ്ടപരിഹാരം; യുഎഇ കോടതിയുടെ നിർണായക വിധി

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആഫ്രിക്കൻ സ്വദേശിയായ ഭർത്താവ് 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി അൽ ദഫ്റ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. ഏകദേശം 11.4 ലക്ഷം രൂപയിലധികമാണ് ഈ തുക. ഭർത്താവിന്റെ മർദനത്തിൽ ഭാര്യയുടെ നാവിൽ ആഴത്തിലുള്ള മുറിവേൽക്കുകയും മുകൾനിരയിലെ പല്ലുകൾ ഒടിയുകയും തോളിൽ ഗുരുതരമായ ചതവേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തനിക്ക് ശാരീരികവും മാനസികവും സൗന്ദര്യപരവുമായ നഷ്ടങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

കുടുംബ വഴക്കിനിടെ ഭർത്താവ് മുറിയിലേക്ക് അതിക്രമിച്ച് കയറി മുഖത്തും ശരീരത്തിലും ക്രൂരമായി മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ടുകളും സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ നേരത്തെ ക്രിമിനൽ കോടതി ഭർത്താവിന് രണ്ട് മാസം തടവ് വിധിച്ചിരുന്നു. പിന്നീട് ശിക്ഷ സസ്പെൻഡ് ചെയ്യുകയും 10,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭാര്യ സിവിൽ കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവും സൗന്ദര്യപരവുമായ നഷ്ടങ്ങൾക്ക് 1 ലക്ഷം ദിർഹം നഷ്ടപരിഹാരം, 5 ശതമാനം വൈകിയ പലിശ, അഭിഭാഷക ഫീസ് എന്നിവയാണ് ഭാര്യ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യപ്പെട്ട തുകയ്ക്ക് അടിസ്ഥാനമായ ഭൗതികവും ഭാവിയിലുണ്ടാകാവുന്നതുമായ സാമ്പത്തിക നഷ്ടങ്ങളുടെ വ്യാപ്തി തെളിയിച്ചിട്ടില്ലെന്ന് ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, ക്രിമിനൽ കേസിന് ആധാരമായ അതേ നിയമവിരുദ്ധ പ്രവൃത്തിയാണ് സിവിൽ നഷ്ടപരിഹാര അവകാശവാദത്തിന്റെയും അടിസ്ഥാനമെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ വിധി അന്തിമമായതിനാൽ ആക്രമണവും ഭർത്താവിന്റെ ഉത്തരവാദിത്തവും സ്ഥിരീകരിക്കപ്പെട്ടതായും കോടതി വിലയിരുത്തി.
മെഡിക്കൽ രേഖകളിൽ വ്യക്തമാക്കിയ നാവിലെ ആഴത്തിലുള്ള മുറിവ്, ഒടിഞ്ഞ പല്ലുകൾ, തോളിലെ പരിക്ക് എന്നിവ മർദനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും കോടതി കണ്ടെത്തി. കേസിലെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഭർത്താവിന് കോടതി ഉത്തരവിട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version