UAE job Fraud ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി പ്രവാസികളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ അനധികൃത പണമിടപാടുകൾക്കായി സൈബർ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന ആകർഷകമായ വ്യാജ പരസ്യങ്ങളിൽ വീണ് നിരപരാധികൾ അറിയാതെ തന്നെ ഗുരുതരമായ ക്രിമിനൽ കേസുകളിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ സഈദ് മുഹമ്മദ് അൽ ഹാജരി വ്യക്തമാക്കി. തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം പൂജ്യത്തിലെത്തിക്കുകയാണ് പൊലീസിന്റെ പ്രാഥമിക ലക്ഷ്യം. ഒക്ടോബറിലെ രാജ്യാന്തര സൈബർ സുരക്ഷാ മാസത്തോടനുബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ടു. ദുബായ് പൊലീസ് ഓഫിസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിലാണ് ‘നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ യുഎഇ സുരക്ഷിതം’ എന്ന പ്രമേയത്തിലുള്ള പദ്ധതി പ്രഖ്യാപിച്ചത്. വ്യക്തിഗത വിവരങ്ങൾ ചോർത്തുക, ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ കാമ്പെയ്നിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എഐ ഉപയോഗിച്ചുള്ള തിരിമറികളും വ്യാജ ദൃശ്യങ്ങളും കൃത്യമായി കണ്ടെത്തുന്നതിനായി ദുബായ് പൊലീസ് ഡിജിറ്റൽ ഫോറൻസിക് ലാബിൽ പ്രത്യേക യൂണിറ്റ് രൂപീകരിക്കുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി ‘സറാബ്’ (Sarab) എന്ന ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആമിർ ഷറഫ് അറിയിച്ചു.
പൊലീസ് നൽകുന്ന പ്രധാന സുരക്ഷാ മുൻകരുതലുകൾ:
സോഷ്യൽ മീഡിയ വഴിയുള്ള ജോലി വാഗ്ദാനങ്ങളിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതിലും അതീവ ജാഗ്രത പുലർത്തുക.
വീടുകളിൽ ഉപയോഗിക്കുന്ന സെക്യൂരിറ്റി നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുകയും അവയുടെ മൊബൈൽ ആപ്ലിക്കേഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം.
ഹാക്കിങ്ങിനോ ബ്ലാക്ക്മെയിലിങ്ങിനോ ഇരയായാൽ ഭയന്ന് മിണ്ടാതിരിക്കാതെ ഉടൻ തന്നെ ദുബായ് പൊലീസിൽ വിവരം അറിയിക്കുക.
