അമ്മപ്പൂച്ചയുടെ കരച്ചിൽ കേട്ട് ഉറങ്ങാതെ കാവലിരുന്നു; ഒടുവിൽ ലിഫ്റ്റിന്റെ വിടവിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച് പ്രവാസി മലയാളി യുവാക്കൾ

ഷാർജയിലെ മൂവൈലയിൽ ലിഫ്റ്റിന്റെ വിടവിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പരിശ്രമിച്ച് ഒരു കൂട്ടം പ്രവാസി യുവാക്കൾ. മലയാളികളടക്കം അപ്പാർട്ട്മെന്റിലെ ഒൻപത് താമസക്കാരാണ് മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ ഒന്നിച്ചിറങ്ങിയത്. 24 മണിക്കൂറിലേറെയായി ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. ആദ്യം കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. രാത്രി ടോർച്ച് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അർധരാത്രിയോടെ ലിഫ്റ്റിന്റെ വിടവിൽ പൂച്ചക്കുട്ടി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. പുറത്തുനിന്ന് അമ്മപ്പൂച്ചയുടെ കരച്ചിലും കേൾക്കാമായിരുന്നു.

സംഭവം ഉടൻ ഷാർജ ഫയർ സ്റ്റേഷനിൽ അറിയിച്ചെങ്കിലും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാനായിരുന്നു ലഭിച്ച നിർദേശം. എന്നാൽ പുലർച്ചെ വരെ കാത്തിരിക്കാതെ കുഞ്ഞിനെ രക്ഷിക്കണമെന്ന തീരുമാനത്തിലായിരുന്നു യുവാക്കൾ. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ സഹായം തേടി വീഡിയോ പങ്കുവെച്ചു. വീഡിയോ പോസ്റ്റ് ചെയ്ത് വെറും പത്ത് മിനിറ്റിനുള്ളിൽ ലഭിച്ച ഒരു നിർദേശമാണ് രക്ഷാപ്രവർത്തനത്തിന് വഴിത്തിരിവായത്. മുകളിലത്തെ നിലയിലെ ലിഫ്റ്റ് വാതിൽ ഭാഗികമായി തുറന്ന് അതിലൂടെ കയർ താഴേക്ക് ഇറക്കി പൂച്ചക്കുട്ടിയെ മുകളിലേക്ക് ഉയർത്താനായിരുന്നു നിർദേശം. കെട്ടിടത്തിലെ മറ്റുള്ളവർ ഉറങ്ങിക്കിടന്ന സമയത്ത് തന്നെ യുവാക്കൾ ചേർന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കി. പുലർച്ചെയോടെ പൂച്ചക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം വൃത്തിയാക്കി അമ്മപ്പൂച്ചയുടെ അടുത്തെത്തിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. 1.2 കോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്. മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ യുവാക്കൾ നടത്തിയ പരിശ്രമത്തെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോഴും ജോലിക്കും മറ്റുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മപ്പൂച്ചയും മൂന്ന് കുഞ്ഞുങ്ങളും തങ്ങളുടെ അടുത്തേക്ക് എത്താറുണ്ടെന്ന് സഹതാമസക്കാരനായ അജ്മൽ പറയുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് നടത്തിയ ആ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ലഭിച്ചത് നാല് പൂച്ചകളുടെ സ്നേഹമായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *