
തൊഴിൽ അവസരങ്ങൾ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നതോടെ ദുബായിലെ തൊഴിൽപ്രായക്കാരുടെ ജനസംഖ്യയിലും വൻ വർധന. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2025 അവസാനത്തോടെ നഗരത്തിലെ 45.8 ലക്ഷം ജനങ്ങളിൽ 36.8 ലക്ഷം പേരും 20നും 59നും ഇടയിൽ പ്രായമുള്ളവരാണ്. അതായത് ആകെ ജനസംഖ്യയുടെ ഏകദേശം 80 ശതമാനം ഈ പ്രായവിഭാഗത്തിലാണ്. 2021ൽ 20–59 പ്രായവിഭാഗത്തിൽ 27.62 ലക്ഷം പേരായിരുന്നു ഉണ്ടായിരുന്നത്. നാല് വർഷത്തിനിടെ ഇത് 36.8 ലക്ഷമായി ഉയർന്നു. ഇതോടെ ഈ വിഭാഗത്തിൽ മാത്രം 9.17 ലക്ഷം പേരുടെ വർധന രേഖപ്പെടുത്തി.
പ്രായവിഭാഗം തിരിച്ചുള്ള കണക്കുകളിലും ശ്രദ്ധേയമായ മാറ്റമാണുള്ളത്. 2025ൽ 30–39 പ്രായക്കാരുടെ എണ്ണം 13.98 ലക്ഷവും 40–49 പ്രായക്കാരുടേത് 12.18 ലക്ഷവുമാണ്. നാല് വർഷത്തിനിടെ 40–49 പ്രായവിഭാഗത്തിൽ മാത്രം 47.54 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 20 വയസ്സിന് താഴെയുള്ളവർ 7.56 ലക്ഷവും 60 വയസ്സിന് മുകളിലുള്ളവർ 1.44 ലക്ഷവുമാണ്. തൊഴിൽപ്രായക്കാരുടെ വർധന ദുബായുടെ തൊഴിൽ വിപണിയിലേക്കുള്ള ആളുകളുടെ തുടർച്ചയായ വരവ് വ്യക്തമാക്കുന്നതാണ്. തൊഴിൽ, ബിസിനസ്, നിക്ഷേപ മേഖലകളിലെ വളർച്ചയ്ക്കൊപ്പം ജനസംഖ്യാ ഘടനയിലും ദുബായിൽ വലിയ മാറ്റം സംഭവിക്കുന്നതിന്റെ സൂചനയായാണ് പുതിയ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t