വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി; ജോലി കിട്ടിയില്ല, പണവും മടക്കിയില്ല! ഒടുവിൽ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ സിഇഒ വിമാനത്താവളത്തിൽ പിടിയിൽ

വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന പരാതിയിൽ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇവരെ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നിലവിലെ നടപടി. അർമേനിയയിലും പോളണ്ടിലും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തെന്നതാണ് പരാതികൾ.

ആദ്യ കേസ് തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവുമായി ബന്ധപ്പെട്ടതാണ്. അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. 2023 ഡിസംബറിൽ പണം നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും തുകയും തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ ആരോപണമുണ്ട്. യുവാവിന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ കേസ് കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ്. പോളണ്ടിലെ വെയർഹൗസിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും വാങ്ങിയെന്നാണ് കേസ്. എന്നാൽ പോളണ്ടിൽ ജോലി നൽകുന്നതിന് പകരം യുവാവിനെ സെർബിയയിലേക്ക് അയച്ചുവെന്നാണ് പരാതിയിലെ ആരോപണം.

പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ലൈസൻസില്ലാതെയാണ് സ്ഥാപനം വിദേശ റിക്രൂട്ട്മെന്റ് നടത്തിയതെന്നും പരാതികളിൽ ആരോപണമുണ്ട്. സംഭവത്തിൽ പാർവതി മായ ഷാജിക്ക് പുറമെ ഭർത്താവ് അനീഷ് മേനോൻ ഉൾപ്പെടെയുള്ള സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പ്രതികളായിട്ടുണ്ട്. വിദേശത്തായിരുന്ന പാർവതി മായയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. കേസുകളിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും സമാനമായ പരാതികളുണ്ടോയെന്ന് പരിശോധിക്കുന്നതിനുമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version