
പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്കും നിലവിലുള്ള പാസ്‌പോർട്ട് പുതുക്കുന്നവർക്കുമായി വിദേശകാര്യ മന്ത്രാലയം പുതിയ മാറ്റങ്ങൾ നടപ്പാക്കി. നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധി മുതൽ അപേക്ഷാ ഫീസ് വരെ വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ ബാധകമാകുന്നത്.
കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിൽ മാറ്റം
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ പാസ്‌പോർട്ടിന് അഞ്ച് വർഷമോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും സാധുത. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ മാത്രമായിരിക്കും പാസ്‌പോർട്ടിന്റെ കാലാവധി. ഉദാഹരണത്തിന്, 14-ാം വയസ്സിൽ പാസ്‌പോർട്ട് ലഭിച്ചാൽ അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കുട്ടിക്ക് 18 വയസ്സ് തികയുന്നതിനാൽ അപ്പോൾ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കും.
15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് രണ്ട് ഓപ്ഷനുകളുണ്ട്. 18 വയസ്സ് വരെ സാധുതയുള്ള സാധാരണ പാസ്‌പോർട്ട് എടുക്കുകയോ, മുതിർന്നവർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 വർഷത്തെ സാധുതയുള്ള പാസ്‌പോർട്ട് സ്വന്തമാക്കുകയോ ചെയ്യാം. ഉയർന്ന വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നവർക്ക് രണ്ടാമത്തെ ഓപ്ഷൻ പ്രയോജനകരമായേക്കാം.
പാസ്‌പോർട്ട് ഫീസിലും വർധന
പുതുക്കിയ നിരക്കുകൾ പ്രകാരം:
36 പേജ് സാധാരണ പാസ്‌പോർട്ട്: ₹2,500 — നേരത്തെ ₹1,500
36 പേജ് തത്കാൽ പാസ്‌പോർട്ട്: ₹5,000 — നേരത്തെ ₹3,500
60 പേജ് സാധാരണ പാസ്‌പോർട്ട്: ₹3,500 — നേരത്തെ ₹2,000
60 പേജ് തത്കാൽ പാസ്‌പോർട്ട്: ₹8,500 — നേരത്തെ ₹5,500
പ്രായപൂർത്തിയാകാത്തവരുടെ 36 പേജ് പാസ്‌പോർട്ട്/റീ-ഇഷ്യൂ: ₹1,750 — നേരത്തെ ₹1,000
പ്രായപൂർത്തിയാകാത്തവരുടെ തത്കാൽ: ₹3,000
എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷയിൽ 10 ശതമാനം ഫീസ് ഇളവ് തുടരും. എന്നാൽ റീ-ഇഷ്യൂ ചെയ്യുന്ന പാസ്‌പോർട്ടുകൾക്ക് ഈ ഇളവ് ബാധകമല്ല.
പാസ്‌പോർട്ടുകളുടെ പ്രധാന വിഭാഗങ്ങൾ
ബ്ലൂ പാസ്‌പോർട്ട്: സാധാരണ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട്. നിലവിൽ സുരക്ഷിതമായ യാത്രയ്ക്കായി ബയോമെട്രിക് ഇ-പാസ്‌പോർട്ടുകളും നൽകുന്നുണ്ട്.
വൈറ്റ് പാസ്‌പോർട്ട്: ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ളത്.
റെഡ് പാസ്‌പോർട്ട്: നയതന്ത്രജ്ഞർ, കേന്ദ്രമന്ത്രിമാർ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നൽകുന്ന ഡിപ്ലോമാറ്റിക് പാസ്‌പോർട്ട്.
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ Passport Seva പോർട്ടൽ സന്ദർശിക്കാം.
‘New User Registration’ വഴി അക്കൗണ്ട് സൃഷ്ടിച്ച് ഇമെയിൽ ആക്ടിവേറ്റ് ചെയ്യുക.
‘Apply for Fresh Passport/Re-issue’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കുക.
അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുത്ത് ഫീസ് അടച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
നിശ്ചിത ദിവസം അസൽ രേഖകളുമായി കേന്ദ്രത്തിലെത്തുക.
ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും നൽകുക.
പൊലീസ് വെരിഫിക്കേഷൻ പൂർത്തിയായ ശേഷം പാസ്‌പോർട്ട് തപാൽ വഴി ലഭിക്കും.
വിവാഹമോചന ഉത്തരവ് സംബന്ധിച്ച് ശ്രദ്ധിക്കേണ്ടത്
ജീവിതപങ്കാളിയുടെ പേര് പാസ്‌പോർട്ടിൽ നിന്ന് നീക്കം ചെയ്യുന്നതിന് എല്ലായ്പ്പോഴും വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം അപേക്ഷകളിൽ മാതാപിതാക്കളുടെ പേരിലുള്ള വിലാസ രേഖയും മാതാപിതാക്കളുടെ സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് പകർപ്പുകളും ആവശ്യമായി വരാം.